Sports

രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി വിദര്‍ഭ: തലയുയര്‍ത്തി കേരളത്തിന്റെ മടക്കം

നാഗ്പൂര്‍: രഞ്ജി ട്രോഫി കിരീടം വിദര്‍ഭക്ക്. ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ ബലത്തിലാണ് വിദര്‍ഭ കിരീടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ സ്‌കോര്‍ 375ന് ഒമ്പത് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മത്സരം സമനിലയില്‍ പിരിഞ്ഞത്. 412 റണ്‍സിന്റെ ലീഡായിരുന്നു വിദര്‍ഭക്കുണ്ടായിരുന്നത്. സ്‌കോര്‍ വിദര്‍ഭ- 379/10, 375/9 കേരളം- 342/10.

രഞ്ജി ട്രോഫി കിരീട വിജയത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന വിദര്‍ഭ ടീം രണ്ടാം ഇന്നിങ്‌സില്‍ കരുണ്‍ നായര്‍ നേടിയ 135 റണ്‍സാണ് കേരളത്തെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി തികച്ച യുവതാരം ഡാനിഷ് മാലേവര്‍ രണ്ടാം ഇന്നിങ്‌സില്‍ 74 റണ്‍സ് സ്വന്തമാക്കി. 51 റണ്‍സുമായി ആള്‍റൗണ്ടര്‍ ദര്‍ശന്‍ നാല്‍കാണ്‍ഠെ പുറത്താകാതെ നിന്നും. അക്ഷയ് കാര്‍ണെവര്‍ (30), ക്യാപ്റ്റന്‍ അക്ഷയ് വാദ്കര്‍ (25), യാഷ് രാത്തോര്‍ഡ് (24), എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു.

കേരളത്തിനായി മുന്‍ വിദര്‍ഭ താരം ആദിത്യ സര്‍വാതെ നാല് വിക്കറ്റ് സ്വന്തമാക്കി. എം.ഡി. നിധീഷ്, നെടുമന്‍കുഴി ബേസില്‍, ജലജ സക്‌സേന, ഏദന്‍ ആപ്പിള്‍ ടോം, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനായി നായകന്‍ സച്ചിന്‍ ബേബി 98 റണ്‍സ് നേടി. ആഥിത്യ സര്‍വാതെ (79), അഹ്‌മദ് ഇമ്രാന്‍ (37), മുഹമ്മദ് അസ്ഹറുദ്ദീന്‍(34), ജലജ് സക്‌സേന(28)എന്നിവര്‍ ഭേദപ്പെട്ട റണ്‍സ് സ്വന്തമാക്കി.

മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ 37റണ്‍സ് ലീഡിന്റെ ബലത്തിലാണ് വിദര്‍ഭയുടെ കിരീട നേട്ടം. 74 വര്‍ഷത്തില്‍ ആദ്യമായി ഫൈനലില്‍ എത്തിയ കേരളം കന്നികിരീടത്തിനായുള്ള പോരാട്ടം ഇനിയും തുടരണം.

error: