Sports

ഇന്ത്യ മൂന്നാം കിരീടത്തിലേക്ക്

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ – ന്യൂസിലൻഡ് ഫൈനൽ ഇന്ന്

മൂന്നാം തവണ ചാംപ്യൻസ് ട്രോഫി ഉയർത്തുവാനുള്ള ആഗ്രഹത്തോടെ ഇന്ത്യയും, കിരീടങ്ങൾ അന്യമായ ടീമെന്ന ഖ്യാതി തച്ചുടയ്ക്കാൻ കിവീസും കളത്തിൽ ഇറങ്ങുമ്പോൾ മത്സരം കടുത്തതാവും.

ദുബായ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 ന്  മത്സരം ആരംഭിക്കും.

ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും നടക്കുക. മിച്ചൽ സാൻറനറുടെയും വരുൺ ചക്രവർത്തിയുടെയും പ്രകടനം ഇരുടീമിനും നിർണായകമാകും. അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികൾക്ക് വലിയ തിരിച്ചടിയാകും.

കഴിഞ്ഞ 15 വർഷം കരുത്തരായി ഐസിസി ടൂർണമെൻറുകളിൽ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാംപ്യൻസ് ട്രോഫി ഫൈനലാണിത്. എല്ലാ മത്സരങ്ങളും ഒരേ സ്റ്റേഡിയത്തിൽ കളിച്ച ഇന്ത്യക്ക് പിച്ചിൻറെ ആനുകൂല്യമുണ്ട്.

വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാംപ്യൻസ് ട്രോഫിയാകാൻ സാധ്യതയുള്ള ഫൈനലിൽ കപ്പിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കില്ല. അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റിൻറെ സുവർണ തലമുറയാണ് ഈ സംഘം. ഓരോ ഐസിസി ടൂർണമെൻറിലും സ്ഥിരതയോടെ അവർ കളിച്ചു.

കിവികൾ ക്രിക്കറ്റ്ചരിത്രത്തിൽ നേടിയത് രണ്ടേ രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ൽ ടെസ്റ്റ് ചാന്പ്യൻഷിപ്പും. രണ്ടുതവണയും പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നുവെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടും. അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ അവർക്കതിരേ നേടിയ മികച്ച ജയവും ടീമിൻറെ ഫോമും ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.

ഞായറാഴ്ച നടന്ന ഒരു ഫൈനൽ മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണു ചരിത്രം. 2000ത്തിലെ നോക്കൗട്ട് കപ്പ് (ഇപ്പോഴത്തെ ചാംപ്യൻസ് ട്രോഫി) ഫൈനൽ മുതൽ 2023ലെ ഏകദിന ലോകപ്പ് ഫൈനൽ വരെയുള്ള തോൽവികൾ ടീം ഏറ്റുവാങ്ങിയത് ഞായറാഴ്ചയായിരുന്നു.

ഐസിസി ടൂർണമെൻറ് ഫൈനലിൽ ഇന്ത്യ ഞായറാഴ്ച നേടിയ ഏകവിജയം 2013ലെ ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു. എന്നാൽ മഴ വില്ലനായ മത്സരം തിങ്കളാഴ്ച ആയിരുന്നു അവസാനിച്ചത്.

error: