Sports

ആദ്യ പന്തില്‍ അഭിഷേകിനെ കൈവിട്ട് മുംബൈ; പവര്‍ പ്ലേയിൽ പവറില്ലാതെ ഹൈദരാബാദ്

മുംബൈ(Mumbai): ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെടുത്തിട്ടുണ്ട്. 24 പന്തില്‍ 35 റണ്‍സുമായി അഭിഷേക് ശര്‍മയും 12 പന്തില്‍ 8റണ്‍സുമായി ട്രാവിസ് ഹെഡും ക്രീസില്‍.

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് ശര്‍മയെ സ്ലിപ്പില്‍ വില്‍ ജാക്സ് കൈവിട്ടതിന് മുംബൈ കനത്ത വില നല്‍കേണ്ടിവന്നു. ട്രാവിസ് ഹെഡിനെ പുറത്താക്കാന്‍ കിട്ടിയ അര്‍ധാവസരവും മുംബൈക്ക് കൈയിലൊതുക്കാനായില്ല. ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഹൈദരാബാദ് ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഗിയര്‍ മാറ്റി. എന്നാല്‍ മൂന്നാം ഓവറില്‍ ഒരു ബൗണ്ടറി അടക്കം ഏഴ് റൺസ് മാത്രം വഴങ്ങിയ ദീപക് ചാഹര്‍ ഹൈദാരാബാദിനെ പൂട്ടി. ജസ്പ്രീത് ബുമ്രയെ കരുതലോടെ നേരിട്ട ഹെഡും അഭിഷേകും നാലാം ഓവറില്‍ ഏഴ് റണ്‍സ് മാത്രമെ നേടിയുള്ളു. എന്നാല്‍ ദീപക് ചാഹര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 14 റണ്‍സടിച്ച അഭിഷേക് ശര്‍മ കെട്ടുപൊട്ടിച്ചു. ബുമ്രയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് റണ്‍സ് കൂടി മാത്രമെ ഹൈദരാബാദിന് നേടാനായുള്ളു.

നേരത്തെ ഹൈദരാബാദിനെതിരെ ടോസ് നേിടയ മുംബൈ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. രോഹിത് ശര്‍മ ഇന്നും ഇംപാക്ട് പ്ലേയറായാണ് കളിക്കുന്നത്.

​Highlights: Mumbai lose Abhishek on the first ball; Hyderabad lose power in the power play

error: