റെക്കോർഡ് സ്വന്തമാക്കി രാഹുൽ; ഐപിഎല്ലിൽ റൺവേട്ടയിൽ കോലിയെ പിന്നിലാക്കി
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ റൺവേട്ടയിൽ കോലിയെ പിന്നിലാക്കി. തകർപ്പൻ സെഞ്ച്വറി നേടിയായിരുന്നു താരത്തിന്റെ നേട്ടം. 65 പന്തിൽ പുറത്താകാതെ 112 റൺസാണ് രാഹുൽ അടിച്ചെടുത്തത്. ഇതോടെയാണ് റൺവേട്ടയിൽ പുതിയ റെക്കോർഡ് രാഹുൽ സ്വന്തമാക്കിയത്.
ടി20 ക്രിക്കറ്റിൽ അതിവേഗം 8,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡാണ് രാഹുൽ സ്വന്തം പേരിലെഴുതിച്ചേർത്തത്. 224 ഇന്നിങ്‌സുകളിൽ നിന്നാണ് രാഹുൽ 8,000 ടി20 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. റെക്കോർഡിൽ ഇതിഹാസ താരം വിരാട് കോലിയെ മറികടക്കാനും യുവവിക്കറ്റ് കീപ്പർ ബാറ്റർക്ക് സാധിച്ചു. 243 ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 8,000 ടി20 റൺസ് നേടിയത്.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ ഡൽഹിക്ക് പരാജയം വഴങ്ങേണ്ടിവന്നിരുന്നു. നിർണായക മത്സരത്തിൽ ഓപണറായെത്തിയ കെ എൽ രാഹുൽ സെഞ്ച്വറി നേടിയപ്പോൾ ഡൽഹി ക്യാപിറ്റൽസിന് ഉയർന്ന സ്‌കോർ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. എന്നാൽ ഒരോവർ ബാക്കിനിൽക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു.
Highlights: Rahul breaks record; surpasses Kohli in IPL run-scoring