Sports

ഒരേയൊരു സിക്സ് മാത്രം; പുതിയ നേട്ടത്തിനരികെ ധോണി

ജയ്പൂർ(Jaipur): ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ടൂർണമെന്റിൽ നിന്ന് ഇതിനോടകം തന്നെ പുറത്തായെങ്കിലും ഇരുടീമുകളും അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. മഹേന്ദ്ര സിംഗ് ധോണിയെ അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ കാണാൻ കഴിയുമോ എന്ന ആശങ്കയും ആരാധകരിലുണ്ട്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോൾ ഒരു പുതിയ നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ 350 സിക്സറുകൾ തികയ്ക്കാൻ 43കാരനായ ധോണിയ്ക്ക് ഒരു സിക്സ് കൂടി നേടിയാൽ മതി.

അങ്ങനെ വന്നാൽ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 34-ാമത്തെ ബാറ്റ്‌സ്മാനായും നാലാമത്തെ ഇന്ത്യൻ താരമായും ധോണി മാറും. നിലവിൽ 403 മത്സരങ്ങളിൽ നിന്ന് 349 സിക്സറുകൾ ധോണി നേടിയിട്ടുണ്ട്. 37.68 ശരാശരിയിൽ 7,612 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സ്ട്രൈക്ക് റേറ്റാകട്ടെ 135.75. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതിന്റെ റെക്കോർഡ് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 463 മത്സരങ്ങളിൽ നിന്ന് 1056 സിക്സറുകളാണ് ​ഗെയ്ൽ നേടിയത്.

അതേസമയം, മുംബൈ ഇന്ത്യൻസിനെതിരായ വിജയത്തോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണത്തെ ക്യാമ്പയിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് നിരന്തരമായി ചെന്നൈയ്ക്ക് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ അവസാന സ്ഥാനക്കാരായി മാറി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിക്ക് പഴയ മികവ് പുറത്തെടുക്കാൻ പലപ്പോഴും കഴിയാതെ പോകുന്നത് ആരാധകരെ വലിയ രീതിയിൽ നിരാശപ്പെടുത്തുന്നുണ്ട്. ടൂർണമെന്റ് പാതിവഴി എത്തിയപ്പോൾ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് പരിക്കുമൂലം പുറത്തായതിനെ തുടർന്നാണ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം ഏറ്റെടുത്തത്.

ഈ സീസണിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 25.71 ശരാശരിയിൽ ധോണി 180 റൺസ് നേടിയിട്ടുണ്ട്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 11 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്താകാതെ നിന്ന ധോണി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാനെ തോൽപ്പിച്ചാൽ ചെന്നൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് എത്തും. ഇതോടെ രാജസ്ഥാൻ അവസാന സ്ഥാനക്കാരാകും. ഇതാദ്യമായാണ് തുടർച്ചയായ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകാതെ പോകുന്നത്.

Highlights: Only one six; Dhoni close to new milestone

error: