Sports

സഞ്ജൂ… നിന്നെ സാക്ഷിയാക്കി തല ആ റെക്കോഡ് അങ്ങ് കൊണ്ടുപോയി; 350ന്‍റെ നിറവില്‍ ധോണി

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഈ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിയെയും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെയും ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ നേട്ടത്തിലേക്ക് ധോണി ആദ്യം ഓടിയെത്തിയിരിക്കുകയാണ്. സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന്റെ 16ാം ഓവറില്‍ റിയാന്‍ പരാഗിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് ധോണി 350 ടി-20 സിക്‌സറുകളെന്ന ചരിത്ര നേട്ടത്തിലെത്തിയത്.

രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാനും ധോണിക്ക് സാധിച്ചു. രാജസ്ഥാൻ റോയൽസിനെതിരെ എട്ടാമതിറങ്ങിയ താരം സിക്സ് കണ്ടെത്തിയിരുന്നു. മത്സരത്തിൽ 17 പന്തിൽ 16 റൺസാണ് താരം നേടിയത്.

404 മത്സരങ്ങളിൽ നിന്നാണ് ഈ 350 സിക്സർ നേട്ടം. 37.68 ശരാശരിയിൽ 7,612 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സ്ട്രൈക്ക് റേറ്റാകട്ടെ 135.75. ഈ സീസണിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 25.71 ശരാശരിയിൽ ധോണി 180 റൺസ് നേടിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ 11 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്താകാതെ നിന്ന ധോണി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

Highlights: dhoni 350 six in t20 cricket

error: