ഇന്ത്യയിലേക്ക് വരാനൊരുങ്ങി റിയൽമി 15 പ്രോ
റിയൽമിയുടെ റിയൽമി 15 പ്രോ 5ജി (Realme 15 Pro) ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽമി 14 പ്രോയുടെ പിന്‍ഗാമിയായാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുക. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഇതിനുണ്ടാകും. റിയൽമി 15 പ്രോ അടുത്ത മാസം ലോഞ്ച് ചെയ്തേക്കാം.
റിയൽമി 14 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി പ്രോസസർ സഹിതമാണ് എത്തിയതെങ്കില്‍ പുതിയ സ്മാര്‍ട്ട്ഫോണിലെ ചിപ്പ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റിയൽമി 15 പ്രോയിൽ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നിങ്ങനെ നാല് വേരിയന്റുകളിൽ റാമും സ്റ്റോറേജും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ സ്മാർട്ട്ഫോൺ സിൽവർ, പച്ച, പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും. അതേസമയം റിയൽമി 14 പ്രോ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭ്യം. ഈ വേരിയന്റുകളുടെ വില യഥാക്രമം 24,999 രൂപയും 26,999 രൂപയുമായിരുന്നു.
മുമ്പിറങ്ങിയ റിയൽമി 14 പ്രോ 5ജിയിൽ 6.77 ഇഞ്ച് അമോൾഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി പ്രോസസറാണ് ആ സ്മാർട്ട്ഫോണിൽ ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ സിംഗിൾ സോണി ഐഎംഎക്സ്882 റീയര്‍ ക്യാമറയാണ് അതിലുള്ളത്.
Highlights: Realme 15 Pro set to arrive in India