Tech

മസ്കിൻറെ ഉപദേശം, ട്രംപ് ഓർഡറിട്ടു; നാസ മൂന്ന് ഓഫീസുകൾ അടച്ചുപൂട്ടുന്നു

കാലിഫോർണിയ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉത്തരവ് പ്രകാരം അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ മൂന്ന് ഓഫീസുകൾ അടച്ചുപൂട്ടുന്നു. നിരവധി പ്രൊജക്റ്റുകൾ അവസാനിപ്പിക്കുന്നതിൻറെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനും നാസ തീരുമാനിച്ചു. റിഫ് (RIF) എന്നാണ് ഈ ഒപ്റ്റിമൈസേഷൻ പദ്ധതിയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ചീഫ് സയൻറിസ്റ്റ് ഓഫീസാണ് നാസ അടച്ചുപൂട്ടുന്ന ഒരു വിഭാഗം. ഇതിന് പുറമെ ഡിഇഐഎ അടക്കമുള്ള രണ്ട് ഡിപ്പാർട്ട്‌മെൻറുകളുടെ പ്രവർത്തനവും പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉത്തരവ് പ്രകാരം നാസ അവസാനിപ്പിക്കുകയാണ്.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ നാസയിൽ ചിലവ് ചുരുക്കൽ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം വർക്ക്ഫോഴ്‌സ് ഒപ്റ്റിമൈസ് ചെയ്യുന്നതിൻറെ ഭാഗമായി നാസ ജോലിക്കാരെ വെട്ടിച്ചുരുക്കുന്ന റിഫ് ഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് വിവരം ചില ജീവനക്കാർക്കെങ്കിലും തിങ്കളാഴ്‌ച നൽകി. ചീഫ് സയൻറിസ്റ്റ് ഓഫീസ്; ഓഫീസ് ഓഫ് ടെക്നോളജി, പോളിസി, സ്ട്രാറ്റജി; ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ ആൻഡ് ആക്സസിബിളിറ്റി ബ്രാഞ്ച് എന്നിവയാണ് നാസ അടച്ചുപൂട്ടുന്നത്. ഓഫീസ് ഓഫ് ഡൈവേഴ്സിറ്റി ആൻഡ് ഈക്വൽ ഓപ്പർച്ച്യൂണിറ്റിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ഇതനുസരിച്ച് അർഹരായ ജീവനക്കാർക്ക് വോളണ്ടറി ഏർളി റിട്ടയർമെൻറിന് അവസരമുണ്ടായിരിക്കും, അതല്ലെങ്കിൽ റിഫ് പ്രക്രിയ പൂർത്തിയാക്കാം എന്നും നാസ അറിയിച്ചു. എന്നാൽ എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കൃത്യമായ സംഖ്യ നാസ പുറത്തുവിട്ടിട്ടില്ല. പ്രസിഡൻറായി അധികാരമേറ്റതിൻറെ ആദ്യ ദിനം ട്രംപ് ഒപ്പുവെച്ച ഉത്തരവ് പ്രകാരമാണ് നാസയിലെ പിരിച്ചുവിടൽ എന്നാണ് സൂചന.

മുഖ്യ ഉപദേശകനായ ഇലോൺ മസ്കിൻറെ നിർദേശം പ്രകാരമാണ് നാസയിൽ ട്രംപ് ചിലവ് ചുരുക്കൽ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ട്രംപ് ഭരണത്തിൽ യുഎസ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (DOGE) വിഭാഗത്തിൻറെ തലവനാണ് ലോകത്തെ ഏറ്റവും കോടീശ്വരനും സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിൻറെ സിഇഒയുമായ ഇലോൺ മസ്ക്. നാസയുടെ ഇടക്കാല അഡ്‌മിനിസ്ട്രേറ്ററായ ജാനറ്റ് പെട്രോയുടെ പിൻഗാമിയായി കോടീശ്വരനും ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജാറെഡ് ഐസക്‌മാനെ ഇതിനകം ട്രംപ് നാമനിർദേശം ചെയ്തിട്ടുണ്ട്. ഷിഫ്റ്റ് 4 പേയ്‌മെൻറ്‌സിൻറെ സ്ഥാപകനും സിഇഒയുമായ ഐസക്മാൻ, ഇലോൺ മസ്‌കിൻറെ സ്‌പേസ് എക്‌സുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്.

error: