Tech

ഹാര്‍മണി ഒഎസില്‍ ആദ്യ ലാപ്‌ടോപ്പുകൾ പുറത്തിറക്കി വാവേയ്

ചൈനീസ് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ വാവേയ് രണ്ട് പുതിയ ലാപ്‌ടോപ്പ് മോഡലുകള്‍ പുറത്തിറക്കി. കമ്പനിയുടെ തന്നെ ഹാര്‍മണി ഒഎസില്‍ നിര്‍മിച്ച ആദ്യ ലാപ്‌ടോപ്പുകളാണിവ. അമേരിക്കയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് വാവേയുടെ ഈ നീക്കം. കാലങ്ങളായി ആഗോള ലാപ്‌ടോപ്പ്, പിസി വിപണി നിലനില്‍ക്കുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റേയും ആപ്പിള്‍ മാക്ക് ഒഎസിന്റേയും പിന്തുണയിലാണ്. അമേരിക്കയുടെ വിലക്കിനെ തുടര്‍ന്ന് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒഎസുമായുള്ള ബന്ധം നഷ്ടമായതോടെയാണ് സ്വന്തം ഉപകരണങ്ങള്‍ക്കായി 2019 ല്‍ വാവേയ് ഹാര്‍മണി ഒഎസ് അവതരിപ്പിച്ചത്.

ആപ്പിളിന് സമാനമായി സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട് ടിവികള്‍, വെയറബിള്‍സ്, ടാബ്‌ലെറ്റുകൾ, ഐഒടി ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുടെ ഒരു ഇക്കോസിസ്റ്റം അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയതായി അവതരിപ്പിച്ച മേറ്റ്ബുക്ക് ഫോള്‍ഡ്, മേറ്റ്ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ഹാര്‍മണി ഒഎസ് 5 ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 2021 ലാണ് ഹാര്‍മണി ഒഎസിന്റെ ലാപ്‌ടോപ്പ് പതിപ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

മെറ്റബുക്ക് ഫോള്‍ഡ്

നിലവിലുള്ള വിന്‍ഡോസ്, മാക് ഒഎസ് ലാപ്‌ടോപ്പുകളെ വെല്ലുവിളിക്കുന്ന ഡിസൈനാണ് മെറ്റബുക്ക് ഫോള്‍ഡിന് ഉള്ളത്. ഇതൊരു ഫോള്‍ഡബിള്‍ ലാപ്‌ടോപ്പ് ആണ്. ഫിസിക്കല്‍ കീബോര്‍ഡ് ഇല്ലാത്ത ഈ ഉപകരണത്തിന്റെ കീബോര്‍ഡിന്റെ സ്ഥാനത്തും സ്‌ക്രീന്‍ തന്നെയാണ്. 18 ഇഞ്ച് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ആണിതിന്. 23999 യുവാന്‍ (ഏകദേശം 2.84 ലക്ഷം) ആണ് ഇതിന് വില.

മേറ്റ്ബുക്ക് പ്രോ ലാപ്‌ടോപ്പ്

പരമ്പരാഗതരീതിയില്‍ ഫിസിക്കല്‍ കീബോര്‍ഡോട് കൂടിയുള്ള ലാപ്‌ടോപ്പ് തന്നെയാണ് മേറ്റ്ബുക്ക് പ്രോ. 7999 യുവാന്‍ (94834 രൂപ) ആണ് ഇതിന് വില. നിലവില്‍ 150 ആപ്ലിക്കേഷനുകള്‍ ഹാര്‍മണി ഒഎസില്‍ ലഭ്യമാണെന്ന് കമ്പനി പറയുന്നു. മാക്രോസോഫ്റ്റ് ഒഎസിന് പകരം കിങ്‌സോഫ്റ്റിന്റെ ഡബ്ല്യുപിഎസ് ഓഫീസ് ആണ് ഇതിലുള്ളത്. ഫോട്ടോ എഡിറ്റിങിനായി മെയ്റ്റു ഷിയു ഷിയു ആപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളും ടിവികളും ഉള്‍പ്പടെ 100 കോടിയിലേറ ഉൽപ്പന്നങ്ങളിൽ ഹാര്‍മണി ഒഎസ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനയാണ് പ്രധാന വിപണി. 72 ലക്ഷം ഡെവലപ്പര്‍മാര്‍ ഹാര്‍മണി ഒഎസിന് വേണ്ടിയുള്ള ആപ്പുകള്‍ വികസിപ്പിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. എന്നാൽ ലാപ്‌ടോപ്പുകളില്‍ ഏത് ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ തന്നെ പുതിയ ചിപ്പ്‌സെറ്റ് ഏതെങ്കിലും ആയിരിക്കാം ഇതെന്നാണ് കരുതുന്നത്.

അതേസമയം ഹാര്‍മണി ഒഎസിന് മേല്‍ ഇന്ത്യ ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ മറ്റ് വിവിധ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ വാവേയുടെ ഉൽപ്പന്നങ്ങളിൽ പലതും ഇന്ത്യയിലില്ല. ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിക്കാനാവാത്തതിനാല്‍ വാവേയുടെ ആന്‍ഡ്രോയിഡ് ഫോണുകളും ഇപ്പോള്‍ ഇന്ത്യയിലില്ല.

Highlights: Huawei launches first laptops with Harmony OS

error: