മനം കവരുന്ന മല്ലന്‍കുഴി
ജലീല്‍ ആദൂര്‍
അധികമാരും അറിയാത്ത ഒരു ഗ്രാമീണ വിനോദസഞ്ചാര സ്ഥലമാണ് കുന്നംകുളം കടങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മല്ലന് കുഴി വെള്ളച്ചാട്ടം. കടങ്ങോട്-എരുമപ്പെട്ടി വനാതിര്‍ത്തിയിലാണ് മല്ലന് കുഴി ചെറിയ വെള്ളച്ചാട്ടം. വടക്കാഞ്ചേരി പാതയില്‍ എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനില്‍ നിന്നും വടക്കോട്ട് പോകുന്ന റോഡിലൂടെ മൂന്ന് കിലോ മീറ്റര്‍ ദൂരമാണ് മല്ലന് കുഴിയിലേക്കുള്ളത്.
വനത്തില്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നുള്ള ജലപാതം പല നീര്‍ച്ചാലുകള്‍ വഴി തൂക്കായി പല മടക്കുകളിലായി കിടക്കുന്ന പരന്ന പാറമടക്കുകളിലൂടെ നിറഞ്ഞൊഴുകി, വലിയ മല്ലന് കുഴിയിലേക്ക് നിപതിക്കുകയും, തുടര്‍ന്നവിടെ നിന്ന് നിരവധി ചാലുകളായി തെളിനീര് നൂല് കണക്കെ കളകളാരവമൊഴുകി പോകുന്നത് മനോഹര കാഴ്ചയാണ്. മഴക്കാലത്ത് ജലസമൃദ്ധിയുടെ സമയത്ത് ഈ ജലപാതം ഏറെ അനുഭൂതി പകരുന്നു. വെള്ളച്ചാട്ടത്തിലിറങ്ങാനും ഇവിടെ സൗകര്യമുണ്ട്. അപകട സാധ്യത കുറവാണെന്നുള്ളതും ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകതയാണ്.
വെള്ളച്ചാട്ട പരിസരത്ത് ഒരു ക്ഷേത്രവും ഉണ്ട്. മല്ലെനെന്ന ഭൂതം വസിച്ചിരുന്ന ഇടമാണ് ക്ഷേത്രം. മല്ലന് കുഴിക്കു സമീപമാണ്, പണ്ഡിതനായിരുന്ന കൈക്കുളങ്ങര രാമവാര്യരുടെ ജന്മഗൃഹം. ഏറെ ദൂരമല്ലാതെയാണ് പുരാവസ്തു ചരിത്രകേന്ദ്രമായ ചിറമനങ്ങാട് കുടക്കല് പറമ്പ് സ്ഥിതി ചെയ്യുന്നത്.
Highlights: The Mesmerizing Mallankuzhi #tourism