Tourism

‘റീലി’ൽ കണ്ടത് ‘റിയൽ’ ആണോ, ‘ഹിറ്റാ’കുന്ന മാതേരൻ

പണ്ട്, പണ്ടെന്ന് പറഞ്ഞാൽ വളരെ പണ്ട്, നമ്മുടെ നാട് എങ്ങനെയായായിരുന്നു എന്ന് നേരിട്ടറിയാൻ ഒരവസരം ലഭിച്ചാൽ എങ്ങനെയുണ്ടാകും. വാഹനങ്ങളോ ടാറിട്ട റോഡോ ഇല്ലാത്ത, കൈ റിക്ഷയും കുതിര സവാരിയുമൊക്കെ ഉള്ളൊരു നാട്, തീർത്ത് പറഞ്ഞാൽ ഒരു ടൈം ട്രാവൽ. അങ്ങനെ ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്.

കിലോമീറ്ററുകളോളം ചെമ്മൺ പാത, ഇടക്കെവിടെയൊക്കെയോ വെട്ടുകല്ല് പാകി മനോഹരമാക്കിയിട്ടുണ്ട്. ചരിവും വളവും പാറക്കൂട്ടങ്ങളും താണ്ടി, വഴിയരികിൽ പൂത്ത് നിൽക്കുന്ന കാർവി പൂക്കളും മഞ്ഞും പൊടിഞ്ഞെത്തുന്ന മഴയും ആസ്വദിച്ചൊരു യാത്ര. മലയിടുക്കുകളിൽ അരഞ്ഞാണം ചാർത്തിയപോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കൂടിയുണ്ടെങ്കിൽ പിന്നെന്തുവേണം.

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനെ കുറിച്ച് കേട്ടിട്ടില്ലേ? വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത, പച്ചപ്പും ഹരിതാഭയും പ്രകൃതി വേണ്ടുവോളം കനിഞ്ഞരുളിയ, വർഷം മുഴുവൻ അതിമനോഹരമായ കാലാവസ്ഥ സമ്മാനിക്കുന്ന, എല്ലാറ്റിലും ഉപരിയായി ശുദ്ധവായു മാത്രം ലഭിക്കുന്ന, അങ്ങ് നെറുകയിലെ ആ കാടിനെ കുറിച്ച്… സ്വർഗ ഭൂമിയായ മാതേരനെ കുറിച്ച്. റീലുകളിൽ ഹിറ്റായ അതേ മാതേരൻ തന്നെ.

യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ട്രാവൽ സ്പോട്ടാണ് മഹാരാഷ്ട്രയിലെ മാതേരൻ. പ്രകൃതിയൊരുക്കിയ വിസ്മയം എന്ന് കണ്ടവർ ഊറ്റം കൊള്ളുന്ന, കാണാത്തവർ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന മാതേരൻ. കാണാൻ നിരവധിയുണ്ട് ഈ കുഞ്ഞൻ ഹിൽ സ്റ്റേഷനിൽ.

മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മുപ്പത്തിയഞ്ചിലധികം വ്യൂ പോയിന്‍റുകൾ, മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങളും അരുവികളും, ഇവയൊന്നും പറഞ്ഞ് തീർക്കേണ്ടവയല്ല. കണ്ട് ആസ്വദിക്കേണ്ടവയാണ്. എല്ലാ സീസണിലും മതേരൻ മനോഹരമാണ്, എന്നാൽ മഴക്കാലം മാതേരനെ കാഴ്ചകളുടെ പറുദീസയാക്കും. സാഹസികരെ പ്രീതിപ്പെടുത്താൻ ട്രക്കിങ്ങും ഭക്ഷണപ്രിയരെ കാത്ത് കൊക്കം സർബത്തും ഉണ്ടിവിടെ.

ടോയ് ട്രെയിൻ, കുതിര സവാരി, കൈകൊണ്ട് വലിക്കുന്ന റിക്ഷ, ഹെറിറ്റേജ് ബംഗ്ലാവ് എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഹൈലറ്റുകൾ മാതേരനിലുണ്ട്. മൺസൂണിൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണെങ്കിൽ മാതേരനെ മറക്കേണ്ട, മുംബൈക്കാരുടെ ഈ വീക്കെൻഡ് ഡെസ്റ്റിനേഷൻ ഒരു ഒന്നൊന്നര വൈബാണ്.

മാതേരനിലേക്ക് എങ്ങനെ പോകാം

മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മാതേരനിലെത്തിച്ചേരാം. ഇവിടങ്ങളിൽ നിന്ന് രണ്ട് മൂന്ന് മണിക്കൂർ യാത്ര മതിയാകും. മുംബൈ, പൂന എന്നിവിടങ്ങളിൽ നിന്ന് നെരാലിലേക്ക് പോകുക. അവിടെ നിന്ന് ടോയ് ട്രെയിനിൽ മാതേരനിലെത്താം. ദിവസവും രണ്ട് സർവീസാണ് ടോയ് ട്രെയിനിനുള്ളത്. ദസ്തൂരി നാക്കയിലെത്തണം എൻട്രി ടിക്കറ്റ് എടുക്കാൻ.

Highlights: Is what you saw in ‘Reel’ the ‘Real’? Matheran, the ‘hit’

error: