HighlightsKerala

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; സാക്ഷികള്‍ കൂറുമാറി

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികള്‍. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവര്‍ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്‍പില്‍ സാക്ഷികള്‍ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

ഡിസംബര്‍ 28നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എം എല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെ കേസ് നില നില്‍ക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

error: