Editorial

ലഹരിക്കും അക്രമത്തിനുമെതിരെ നമുക്കൊരുമിച്ച് നിൽക്കാം

വലിയ ഭീതിയിലും നടുക്കത്തിലും വേദനയിലുമാണ് നാട്. കേരളത്തിലെ കുട്ടികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലും വർധിച്ചു വരുന്ന അനിയന്ത്രിതമായ അക്രമവാസനയും ലഹരി ഉപയോഗവും ഇന്നോളം കണ്ടതിൽ വെച്ച് അപകടകരമായ സാമൂഹിക അന്തരീക്ഷത്തിലേക്ക് നാടിനെ എത്തിച്ചു കഴിഞ്ഞു.
ഇന്നലെ കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയിൽ പറഞ്ഞത് പ്രസക്തമാണ്. സഭ മാത്രമല്ല ചർച്ച ചെയ്യേണ്ടത്, പൊതുസമൂഹമാകെയാണ്. ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോർവിളികൾക്കിടയിലും ഒന്നു ചേർന്ന് നിൽക്കുന്ന കേരളത്തിന്റെ സവിശേഷതയുണ്ട്. സ്നേഹത്തിൻ്റെ തേൻ മിഠായികൾ നിറയേണ്ട കൈകളിൽ സഹപാഠിയുടെ ചോരയാണ് വീഴുന്നത്. കെട്ടകാലത്ത് നാം ഒന്ന് ചേർന്ന് നിൽക്കേണ്ടതുണ്ട്.
എന്താണ് നമ്മുടെ കുട്ടികൾക്ക് പറ്റിയത്,..! എന്നു മുതൽക്കാണ് അവരുടെ വഴി പിഴച്ചത്. ഒരു കാരണവശാലും ചെല്ലാൻ പാടില്ലാത്തവരുടെ കൈകളിൽ കളിപ്പാവകളായി നമ്മുടെ മക്കളെ ഇനിയും വീട്ടു കൊടുക്കാണോ..! വേണ്ടാ ഒന്നിച്ച് ഇറങ്ങാം. നാടിനെ പതിയെ പതിയെ ഇല്ലാതാക്കാൻ കരാർ എടുത്ത ക്രിമിനൽസിനെ കണ്ടെത്താനും തക്കതായ ശിക്ഷ വിധിക്കാനും നിയമ ഭരണസംവിധാനങ്ങൾ അടിയന്തരമായി തയ്യാറാവണം.
മൈക്കും ഫ്ളക്സും സെമിനാറും ഫ്ളാഷ് മോബും അല്ലാ വേണ്ടത് ആക്ഷൻ പ്ലാനാണ്. സാമുഹത്തിൻ്റെ മുക്കും മൂലയുമറിയുന്നവരെ ചേർത്തിണക്കി വിളക്കിചേർക്കണം. തലമുറകൾക്ക് കവചമൊരുക്കുന്ന മനുഷ്യ ചങ്ങല. ഇനി കൊലയ്ക്ക് കൊടുക്കാനാവില്ല നമ്മുടെ മക്കളെ.. തെറ്റിൽ വീണുപോയവരെയും അവരെ നേർവഴിക്ക് കൊണ്ടുവരേണ്ടത് മാതൃകപരമായ മാർഗത്തിലൂടെയാവണം. പേരിന് മാത്രം ശിക്ഷയും കാര്യമായ പരിചരണവുമല്ല കുറ്റവാളികൾക്ക് നൽകേണ്ടത്. പ്രായവും സാഹചര്യവും ചൂണ്ടിക്കാട്ടി ശിക്ഷയുടെ കഠിനം ലഘുകരിക്കപ്പെടുന്നത് മുതലെടുക്കുകയാണ് ഇരുട്ടിൻ്റെ സന്തതികൾ.
അനർഹകർക്ക് അല്ലാ അവകാശപ്പെട്ടവർക്കാണ് നിയമാവകാശങ്ങളും പരിരക്ഷയും വേണ്ടത്. സർക്കാരിനൊപ്പം തന്നെ രാഷ്ട്രീയ -സാമൂഹിക പ്രസ്ഥാനങ്ങൾക്കും സാംസ്കാരിക നായകർക്കും, സിനിമ – കായികാ താരങ്ങൾക്കും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. സോഷ്യൽ മീഡിയയിലെ റീച്ചും ഫോളോവേഴ്സും ലൈക്കും ആത്മസുഖത്തിനല്ലാത്ത അപരനു വേണ്ടിയും ഗുണപ്പെടുത്താനുള്ള ബോധ്യം നിങ്ങൾക്ക് ഉണ്ടെന്ന് കരുതുന്നു.
സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, വെബ് സീരിസ്, റീൽ, ബ്രോഡ് കാസ്റ്റ്, സ്റ്റാറ്റസുകൾ, സ്റ്റോറികൾ ഇവയ്ക്ക് കൃത്യമായ മാനദണ്ഡം കൊണ്ടുവരാനും പാലിക്കാത്തവയ്ക്ക് പ്രസീദ്ധികരണാനുമതി തൽക്ഷണം നിഷേധിക്കാനും സെൻസർ ബോർഡിനും മറ്റ് സ്ഥാപനങ്ങൾക്കും സർക്കാർ ഔദ്യോഗിക നിർദ്ദേശം നൽകണം.
സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഒരു എൻഫോഴ്സ്മെൻ്റ് പ്ലാനിന് രൂപം നൽകി, മുഖ്യമന്ത്രി അതിൻ്റെ നേതൃത്വം ഏറ്റെടുത്ത് മഹാമാരി കാലത്തിന് സമാനമായ നിരന്തര വിലയിരുത്തൽ നടത്തി കരക്കയറ്റീടണം, ചേർത്ത് പിടിക്കണം. ഇനി വരുന്ന കാലത്തെങ്കിലും കൗമാര- യൗവനത്തെ തെളിമയോടെ വഴി നടത്തണം.

error: