Education/Career

സി.യു.ഇ.ടി യു.ജി: 22 വരെ അപേക്ഷിക്കാം പരീക്ഷ മേയ് എട്ടുമുതൽ ജൂൺ ഒന്നുവരെ


ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 200ലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (സി.യു.ഇ.ടി-യു.ജി) രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 22 ആണ് അവസാന തീയതി. cuet.nta.nic.in വഴി അപേക്ഷിക്കാം. മേയ് എട്ടുമുതൽ ജൂൺ ഒന്നുവരെയാണ് പരീക്ഷ.ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു എന്നീ 13 ഭാഷകളിലാണ് പരീക്ഷ ഉണ്ടാവുക. കഴിഞ്ഞവർഷം 63 വിഷയങ്ങളുണ്ടായിരുന്നതാണ് ഇക്കുറി 37 വിഷയങ്ങളായി ചുരുക്കിയത്. ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും നടത്തുക. ഇത്തവണ പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. ഒരാൾക്ക് എഴുതാവുന്ന പരീക്ഷ ആറിൽനിന്ന് ഈ വർഷം അഞ്ച് എണ്ണമായി കുറച്ചു. ഈ വർഷം 12ാം ക്ലാസിൽ പഠിക്കാത്ത വിഷയമാണെങ്കിൽ വിദ്യാർഥിക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. 60 മിനിറ്റാണ് പരീക്ഷാ സമയം. ഇക്കുറിമുതൽ ഓപ്ഷനൽ ചോദ്യമില്ല. ജനറൽ വിഭാഗത്തിൽ മൂന്നുവരെ വിഷയങ്ങൾക്ക് 1,000 രൂപയാണ് ഫീസ്. അധിക ഓരോ വിഷയങ്ങൾക്കും 400 രൂപ. ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ മൂന്നുവരെ വിഷയങ്ങൾക്ക് 900 രൂപയും അധിക വിഷയങ്ങൾക്ക് 375 രൂപയും. എസ്.സി, എസ്.ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 800 രൂപ. അധിക വിഷയത്തിന് ഓരോ പേപ്പറിനും 350 രൂപ.

error: