Nirakkoottu

അരങ്ങൊഴിയുന്ന നാടകരാവുകള്‍

ചിപ്പി ടി. പ്രകാശ്

എട്ടു രാപ്പകലുകൾ നീണ്ടു നിന്ന അന്താരാഷ്ട്ര നാടകങ്ങൾക്ക് കർട്ടൻ വീണപ്പോൾ ലോകനാടകങ്ങളിലെ ചലനങ്ങളും മാറ്റങ്ങളും പുതിയ കാഴ്ചകളുമാണ് സഹൃദയന് സമ്മാനിച്ചത്. കാലത്തെയും അതിന്റെ യാഥാര്‍ഥ്യത്തെയും പ്രതിരോധങ്ങളെയും തിയറ്റര്‍ എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ഇറ്റഫോക്കിന് സാധ്യമായിട്ടുണ്ട്. ഇറ്റ്‌ഫോക്ക് 15-ാം പതിപ്പ് അവസാനിച്ചപ്പോൾ റഷ്യ, ഹംഗറി, ഈജിപ്ത്, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നടക്കമുള്ള 15 നാടകങ്ങളാണ് അവതരിക്കപ്പെട്ടത്. മനുഷ്യ മനസിന്റെ സങ്കീര്‍ണതകള്‍, മാറി വരുന്ന സംസ്‌കാരങ്ങള്‍, പാരമ്പര്യങ്ങള്‍, പ്രതിരോധങ്ങള്‍, പ്രണയം തുടങ്ങിയ മാനാവിക മൂല്യങ്ങളെയാണ് ഇറ്റ്ഫോക്ക് ഉയര്‍ത്തി‍കാണിച്ചത്.
സം​ഗീത നാടക അക്കാദമി സെക്രട്ടറി എന്ന നിലയിലും ഇറ്റ്ഫോക്കിന്റെ പിന്നാമ്പുറങ്ങളിലും കൂടെ സഞ്ചരിക്കുന്ന വ്യക്തിയെന്ന നിലയിലും സംഗീതനാടക അക്കാദമി സെക്രട്ടറിയായ കരിവെള്ളൂര്‍ മുരളി മനസ് തുറക്കുന്നു.

മലയാള നാടക അരങ്ങിന് ഇറ്റ്ഫോക്ക് എന്ത് സംഭാവന ചെയ്തു?

2008 മുതലാണ് ഇറ്റ്ഫോക്ക് ആരംഭിക്കുന്നത്. നടന്‍ മുരളിയുടെ ചിന്തയില്‍ ഉടലെടുത്ത ആശയമാണ് ഇറ്റ്ഫോക്ക്. 15-ാമത് ഇറ്റ്ഫോക്കിനാണ് അരങ്ങൊഴിയുന്നത്. ഓരോ തവണയും മികച്ച തലങ്ങളിലെത്താന്‍ ഇറ്റ്ഫോക്കിന് സാധിച്ചിട്ടുണ്ട്. ഇറ്റ്ഫോക്ക് തന്നെയാണ് മലയാള നാടകവേദിയെ വെറൊരു തരത്തില്‍ സ്വാധീനിച്ചിട്ടുള്ളത്. അവതരണശൈലിയാണ് മലയാള നാടകങ്ങളെ പ്രധാനമായും സ്വാധീനിട്ടുള്ളത്. വിദേശ നാടകങ്ങള്‍ കാണുന്നതിനുള്ള സാഹചര്യങ്ങള്‍ മലയാളികളെ സംബന്ധിച്ച് കുറവായിരിക്കും. എന്നാല്‍ ഇറ്റ്ഫോക്കിലൂടെ അത് സാധ്യമാവുകയും ചെയ്തു. ലൈറ്റ്, സെറ്റ്, ടെക്നിക്കല്‍ തുടങ്ങിയ മേഖലകളാണ് ഇറ്റ്ഫോക്കിലൂടെ മലയാള നാടകങ്ങള്‍ വലിയ രീതിയില്‍ പകര്‍ത്തിയിട്ടുള്ളത്. എന്നാല്‍ പ്രമേയ സ്വീകരണത്തിലോ, തിരക്കഥയിലോ വേണ്ടത്ര പ്രതിഫലിച്ചിട്ടില്ല.

2008 മുതല്‍ ആരംഭിച്ച ഇറ്റ്ഫോക്ക് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. തൃശൂര്‍ പോലുള്ള സ്ഥലത്ത് നടത്തപ്പെടുമ്പോള്‍ എത്രത്തോളം സ്വീകാര്യത ലഭിച്ചിട്ടുണ്ട്?

ഇറ്റ്ഫോക്ക് തൃശൂരിന്റെ ആഘോഷമല്ല. അന്താരാഷ്ട്ര നാടകോത്സവമാണ്. പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പ്രാദേശികര്‍ മാത്രമല്ല ഇറ്റ്ഫോക്കിന് എത്തിച്ചേരുന്നത്. നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇറ്റ്ഫോക്കില്‍ എത്തുന്നു. തൃശൂരാണ് നടക്കുന്നതെങ്കിലും കേരളത്തിന്റെ മൊത്തം ഫെസ്റ്റിവല്‍ ആണ്. അതിനെ പ്രാദേശികമായി കാണേണ്ടതില്ല.

കെ.പി.എ.സി, സ്ത്രീ നാടക പണിപ്പുര, സ്‌കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയവയെല്ലാം നാടകരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇറ്റ്ഫോക്ക് ഇതില്‍ നിന്നെല്ലാം എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു?

ആഘോഷങ്ങള്‍ ലോകം മുഴുവനുമുണ്ട്. പക്ഷേ ഇറ്റ്ഫോക്കിന്റെ പ്രത്യേകത ലോക നാടക വേദികളിലുള്ള ചലനങ്ങള്‍ മലയാള നാടകവേദിക്ക് പരിചയപ്പെടുത്തി എന്നതാണ്. ലോകത്ത് നാടകം എങ്ങനെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്റെ പരിച്ഛേദം പുതിയ തലമുറയെ കാണിച്ചു കൊടുക്കാന്‍പറ്റി. അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടത് പുതിയ തലമുറയാണ്. ഇറ്റ്ഫോക്കിന് പ്രധാനമായും എത്തിച്ചേരുന്നതും നാടക പ്രവര്‍ത്തകരാണ്. അവര്‍ക്ക് പഠിക്കാനും വലിയൊരു അളവില്‍ അതിന്റെ സ്വാധീനം ഉള്‍ക്കൊള്ളാനും കഴിയുന്നതാണ് ഇറ്റ്ഫോക്ക്. കേരളത്തിന്റെ നാടകങ്ങളിലെ രംഗാവതരണങ്ങളില്‍ ഇറ്റ്ഫോക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ അവതരിപ്പിക്കപ്പെടാത്ത പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ മലയാള നാടകങ്ങള്‍ മുതിര്‍ന്നിട്ടില്ല.

വാര്‍ത്തകളില്‍നിന്നും വ്യവഹാരങ്ങളില്‍നിന്നും മുഖ്യധാരമാധ്യമങ്ങളും അവഗണിക്കുന്ന ഒരു സമകാലിക നാടക പരിസരത്താണ് ഇറ്റ്ഫോക്ക് തലയുയര്‍ത്തി നില്‍ക്കുന്നത്. എന്താണ് പറയാന്‍ ഉള്ളത്?

നാടകം എത്രയോ പഴക്കമുള്ള മേഖലയാണ്. സിനിമയായാലും, ടിവിയായാലും ഏറെ കുറേ കാലഹരണപ്പെട്ട നിലയിലാണ്. നാടകം സംഭവിക്കുന്നിടത്ത് വന്ന് ഹാജരായി കാണണം. നാടകം അവതരിപ്പിക്കുന്ന ബുദ്ധിമുട്ട് തന്നെ ഒരു സഹൃദയനും ഉണ്ടാകുന്നുണ്ട്. നാടകം കാണാന്‍ ആളില്ലെന്ന് പറയുന്നത് വെറുതെയാണ്. ഇറ്റ്ഫോക്ക് നടന്നിട്ടുള്ള ഇന്നുവരെ ടിക്കറ്റ് കൊടുത്തിട്ട് തീര്‍ക്കാന്‍ പറ്റുന്നില്ലെന്നതാണ് സത്യാവസ്ഥ. അത്രയധികം തിരക്ക് ഇറ്റ്ഫോക്കിന് ഉണ്ടാകുന്നുണ്ട്.

ഇറ്റ്ഫോക്ക് തെരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍, നാടകങ്ങള്‍ എന്നിവയുടെ രാഷ്ട്രീയം എന്താണ്?

ലോകത്തുള്ള വൈവിധ്യങ്ങളെ ഇല്ലാതക്കുന്ന വിധമുള്ള ഒരു ഏകതാനത വന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ടാണ് വൈവിധ്യങ്ങളുടെ, പലവിധ സംസ്‌കാരങ്ങളും ഇറ്റ്ഫോക്കിന്റെ ഭാഗമാകുന്നത്. ഇത്തവണ ഇറ്റ്ഫോക്കില്‍ 15 നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. അതില്‍ എട്ട് നാടകങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സ്ത്രീകളാണ.് ഇറ്റ്ഫോക്കിന്റെ സ്ത്രീമുഖമാണ് ഇത്തവണ കഴിഞ്ഞത്. എല്ലാ വര്‍ഷങ്ങളിലും പ്രമേയങ്ങള്‍ മാറുന്നുണ്ട്. പക്ഷേ പൊതുവായ സമാന സ്വഭാവം പ്രമേയങ്ങള്‍ക്കുണ്ടാകുന്നുണ്ട്.

നാടങ്ങള്‍ ഏതെങ്കിലും ഒരു സന്ദര്‍ഭങ്ങളില്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ലല്ലോ. അതിനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയും?

ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍ ഉണ്ട്. ഒരു അക്കാദമിയെ നാടകത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നതായി കാണാന്‍ കഴിയുള്ളു. അത് കേരള സംഗീത-നാടക അക്കാദമിയാണ്. അക്കാദമിയില്‍ 365 ദിവസവും പരിപാടികള്‍ ഉണ്ടാകും. അതില്‍ കൂടുതലും നാടകങ്ങള്‍ ആണ്. നാടക കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായവും മറ്റു ആനുകൂല്യങ്ങളും ഉണ്ടാകുന്നുണ്ട്. അക്കാദമി സര്‍ക്കാകരിന്റെ ഗ്രാന്റ് കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. പക്ഷേ അതില്‍ 80 ശതമാനവും നാടകങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്.

error: