ഒരു മാസം പിന്നിട്ട് ആശ സമരം: ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കുമോ ?
തിരുവനന്തപുരം: അവകാശങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന സെക്രട്ടറിയേറ്റ് പടിക്കലിലെ രാപ്പകൽ സമരം ഒരു മാസം പിന്നിട്ടു. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് സമരം ആരംഭിച്ചത്. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചിരിക്കുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സമരം ശക്തമാക്കുകയാണ് ആശമാര്‍. അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാനാണ് തീരുമാനം.
സർക്കാർ പിടിവാശി ഒരു ഭാഗത്തും സമരക്കാരുടെ നിശ്ചയദാര്‍ഢ്യം മറുഭാഗത്തുമായി നിന്നതോടെ കേരള സമര ചരിത്രത്തിലെ ഒരു ഏടായി സെക്രട്ടറിയേറ്റ് പടിക്കലിലെ സ്ത്രീ മുന്നേറ്റം.
232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തിനായുള്ള ജീവിത സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്.
മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും വിരമിക്കുമ്പോൾ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ, സമരത്തെ ആദ്യം പരിഹസിച്ചതും വകുപ്പ് മന്ത്രിയായ വീണ ജോര്‍ജായിരുന്നു.
കേരളത്തിലാണ് ഏറ്റവും ഉയർന്ന ഓണറേറിയമെന്നും കുടിശ്ശിക ഉണ്ടെന്നത് തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. കണക്കുകൾ നിരത്തി സമരക്കാർ മന്ത്രിയുടെ വാദം പൊളിച്ചതോടെ സമരത്തിന് പിന്നിൽ അരാഷ്ട്രീയ സംഘടനകളാണെന്നായി പുതിയ കണ്ടുപിടുത്തം.
യുഡിഎഫ് എംപിമാരുടെ പ്രതിഷേധം ഇന്ന്
ആശവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ക്കായി യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. മകര്‍ ദ്വാറില്‍ രാവിലെ പത്തരക്കാണ് പ്രതിഷേധം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ചൂണ്ടിക്കാട്ടി എംപിമാര്‍ വിഷയം ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. മണ്ഡല പുനര്‍ നിര്‍ണ്ണയം, ത്രിഭാഷാ വിവാദം, മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും നോട്ടീസ് നല്‍കും. പ്രതിപക്ഷത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇരുസഭകളും തള്ളിയിരുന്നു.