ഇന്നിന്റെ ഗതിമാറ്റം
രജിത അജിത്
കുട്ടികളിലെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്കും, അധ്യാപർക്കും ഒരു പരിധിവരെ അവരെ ഉപദേശിച്ചും മാതൃക കാണിച്ചും മാർഗ്ഗദർശനമേകാം. ഇന്നത്തെ ഓരോ ബാല്യ കൗമാരങ്ങളും നാളത്തെ പൗരന്മാരാണെന്ന ബോധം അവരിൽ ഉണർത്തേണ്ട ബാധ്യതയും നമുക്കുണ്ട്.
ഓരോ വിദ്യാലയങ്ങളും അതിന് വേണ്ടുന്ന മുൻകരുതലുകൾ എടുക്കണം. കുട്ടികളിൽ മാനസിക ശാരീരികോല്ലാസങ്ങൾക്കായ് പുതുപംക്തികൾ ആവിഷ്ക്കരിക്കണം. കുട്ടികളിലെ അനാവശ്യ വാശികൾ, ക്രൂരമനോഭാവങ്ങൾ എന്നിവ മനസ്സിലാക്കി അതിനുതകുന്ന സൗഹൃദോപദേശങ്ങളും, നിയമ വൈദ്യ സഹായങ്ങളും കരുതലും ഉന്നതരായ വിദഗ്ദ്ധരുടെ സാമീപ്യത്താൽ ഏർപ്പെടുത്തി, കുട്ടികൾക്ക് നേർവഴി തെളിച്ചു കൊടുക്കണം.
ലഹരി മാഫിയകളുടെ കരവലയങ്ങളിൽ അകപ്പെടാതെ ഉത്തരവാദിത്വത്തിന്റെ ദീപ്തശിഖ നാം അവരിൽ തെളിയിക്കണം. അനാവശ്യ കൂട്ടുകെട്ടുകളെ എതിർക്കുവാനും സാഹോദര്യ സഹവർത്തിത്വത്തിന്റെ മഹത്വം കുട്ടികളിൽ ഉണർത്തുവാനും, ഏതൊരു പ്രതിസന്ധിയിലും അവർക്കൊരു തുണയായി നിൽക്കുവാനും സമൂഹവും തയ്യാറാവണം. അനാവശ്യ കുറ്റപ്പെടുത്തലുകളും താരതമ്യം ചെയ്യലും കുട്ടികളിൽ ഇന്ന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
മുതിർന്നവരിലെ ചില അടിച്ചേൽപ്പിക്കലുകളും കുട്ടികളിലെ സ്വഭാവ വൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. നാൾക്കുനാളേറിടുന്ന ലഹരിയുടെ അതിപ്രസരവും കുട്ടികളിലെ വൈകൃത ശീലങ്ങളും ഒരു പരിധിവരെ തടയുവാൻ രക്ഷിതാക്കളും അദ്ധ്യാപകരും നിയമപാലകരും ഒരേ മനസ്സാൽ ഉണർന്നുവർത്തിച്ചാൽ സാധ്യമായിടും. നമ്മുടെ നാടിന്റെ ഭാവിയും സുരക്ഷയും അവരുടെകൂടെ ഉത്തരവാദിത്വമാണെന്ന ബോധം നാം ഒന്നായ് ഇന്നത്തെ ബാല്യകൗമാരങ്ങളെ ബോധവൽക്കരിക്കണം.
നമ്മുടെ സമൂഹം ദിനംപ്രതി ലഹരിക്കടിമപ്പെട്ടു വരുന്നു. എത്രയോ കുടുംബങ്ങൾ ദുരിതങ്ങളാൽ നരകിച്ചു ജീവിതം തള്ളിനീക്കുന്നു. കൊച്ചുകുട്ടികളെ പോലും കീഴ്പ്പെടുത്തുന്നു മായികലോകത്തെ രാസരസങ്ങൾ. പലയിടത്തും അസ്വാരസ്യങ്ങളും കലഹവും അക്രമങ്ങളും പതിവായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ടുവളരുന്ന പുതുതലമുറയെ ഗുണദോഷിക്കാൻ നേർവഴി കാണിക്കുവാനാകുമോ സമൂഹമേ….? ലഹരിയിൽ മുങ്ങിയ നാടിന് ജനതയിൽ ഉണർവ്വേകിടാനാവുമോ…? ചിന്തിക്കൂ സമൂഹമേ ഒന്നായ്… ലഹരിമുക്ത നാടിനായ് യത്നിക്കൂ നിയമ വൈജ്ഞാനിക ശാക്തീകരണത്തിന്റെ കരുത്താൽ ഉത്ബോധനത്തിന്റെ മികവാൽ പിഴുതെറിയൂ ലഹരിയെന്ന ലോകവിപത്തിനെ.