മൂന്ന് വർഷത്തിന് ശേഷം യുക്രെയ്ൻ-റഷ്യ പോരാട്ടത്തിന് താൽക്കാലിക വെടിനിർത്തൽ; നിർദേശം അംഗീകരിച്ച് സെലന്‍സ്കി
റിയാദ്: മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക നീക്കം. റഷ്യയുമായുള്ള യുദ്ധത്തിൽ മുപ്പത് ദിവസത്തെ വെടിനിർത്തിലിന് തയ്യാറെന്ന് യുക്രെയ്ന് അറിയിച്ചു.
സൗദി അറേബ്യയിൽ യുഎസും യുക്രെയ്ന് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന നിർണായക സമാധാന ചർച്ചയിലായിരുന്നു തീരുമാനം. 30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശിച്ച അംഗീകരിച്ചതായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി അറിയിച്ചു. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. എന്നാൽ തീരുമാനത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്തിരുന്നു. യുക്രെയ്നെ പങ്കാളികളാക്കാതെ റഷ്യയും അമേരിക്കയും നടത്തിയ ചർച്ചകളെ യുക്രെയ്ൻ അംഗീകരിച്ചിരുന്നില്ല.
ഇതിന് പിന്നാലെ മാർച്ച് 1ന് വൈറ്റ് ഹൗസില്‍ ട്രംപും സെലന്‍സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചര്‍ച്ചയ്ക്കെത്തിയിരുന്നു. തുടക്കത്തില്‍ സമാധാനപരമായി തുടങ്ങിയ ചര്‍ച്ച പിന്നീട് വാഗ്വാദത്തിലാണ് കലാശിച്ചത്.
റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് സെലന്‍സ്കിയെ ചൊടിപ്പിച്ചു. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലന്‍സ്കിയുടെ മറുപടി. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടക്കുകയായിരുന്നു. സെലന്‍സ്കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു.
മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന് വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സെലന്‍സ്കിയ്ക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ട്രംപ് തുടരുന്നതിനിടെയാണ് യുക്രെയ്ൻ താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ചിരിക്കുന്നത്.