സബർമതിയിലുണ്ട് വയലായുടെ വെളിച്ചം
ചിപ്പി ടി പ്രകാശ്
തൃശൂർ: സബർമതിയുടെ നടുമുറ്റങ്ങൾ തുറന്നിട്ടിരിക്കുകയാണ്…വായനക്കാർക്കും നാടകക്കാർക്കുമായി… വയലാ വാസുദേവൻ പിള്ളയുടെ ഓർമകൾ മാത്രമല്ല, വയലാ സാറിന്റെ ഇടപെടലാകെ സാംസ്കാരിക-വൈജ്ഞാനിക മേഖലക്ക് വെളിച്ചം പകർന്ന് കാത്തുസൂക്ഷിക്കുകയാണ് പത്നി വത്സല വാസുദേവൻ പിള്ള.
ഇരുപതിലധികം രാജ്യങ്ങൾ, നാടകകങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ അങ്ങനെ ആർജിച്ചെടുത്ത വിജ്ഞാന സമ്പത്ത് അതെല്ലാം സ്വന്തം നാട്ടിലേക്ക് പകർന്ന് നൽകിയ മഹാമനുഷ്യന്റെ ഓർമകൾ സമൂഹത്തിലേക്ക് പകർന്ന് നൽകാൻ വത്സല ടീച്ചർക്ക് സന്തോഷം മാത്രം. 2011ൽ മാഷ് മരിക്കുമ്പോൾ ജീവിതത്തിൽ എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്, ഉറക്കമകന്ന ദിവസങ്ങൾ…മാഷായിരുന്നു എല്ലാം.. ഇനിയില്ലെന്ന തിരിച്ചറിവിനെ അംഗീകരിക്കാൻ സമയമെടുത്തിരുന്നു.
പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളച്ച ചിന്തയാണ് മാഷിന്റെ പേരിൽ ഒരു ലൈബ്രറി തീർക്കുകയെന്നത്. അതിനായി രണ്ടാമതൊന്ന് ആലോചിച്ചില്ല. എന്താ, ഏതാ എന്നൊന്നും അറിയില്ല. മാഷിന്റെ സുഹൃത്തുക്കളോടും മറ്റും സംസാരിച്ചു. എല്ലാവർക്കും പൂർണ പിന്തുണ. അങ്ങനെ 2013 ഓഗസ്റ്റ് 25ന് ടീച്ചറുടെ കൈയ്യൊപ്പിൽ വയലാ വാസുദേവൻ പിള്ള ട്രസ്റ്റ് തലയുയർത്തി.
മാഷുമായി പുറത്തു പോയി വരുന്ന ഓരോ തവണയും കൂടെ കൂട്ടുക ഒരു കൂട്ടം പുസ്തകങ്ങളെയാണ്. വീട് വച്ചപ്പോഴും പുസ്തകങ്ങൾ സൂക്ഷിക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. അതുകൊണ്ട് മാഷിന് സന്തോഷമാകുന്ന ഒരു കാര്യം ചെയ്യുകയെന്ന് ആലോചിച്ചപ്പോൾ ആദ്യം ഓർമ വന്നതും ലൈബ്രറി എന്ന ആശയമാണ്. ലൈബ്രറി ഉണ്ടാക്കുക എന്നല്ല, മാഷിന്റെ പുസത്കങ്ങൾ സൂക്ഷിക്കാൻ ഒരിടം… അത് കുട്ടികൾക്ക് വായിക്കാൻ ഉപകാരപ്പെടുക. ഒരിക്കലും ഒരു സ്മാരകമായല്ല… ഓർമകളങ്ങനെ യുഗാന്തരങ്ങളായി പകർന്നുനൽകണം…
ലൈബ്രറി കൂടാതെ സെമിനാർ ഹാളും നാടകകങ്ങളുടെ പരിശീലനത്തിനായി ഒരു ഓപ്പൺ സ്പേസും ഇതിനൊടൊപ്പം ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികളുടെ, നാടക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഗവേഷണ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമാണിവിടം. അപൂർവ വിജ്ഞാനരേഖകളുടെ ശേഖരം തന്നെ ഇവിടെയുണ്ട്. വായിക്കാൻ സൗകര്യമൊരുക്കി, കേൾക്കാൻ സൗകര്യമൊരുക്കിയാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. വ്യാഴവട്ടത്തിനിപ്പുറവും എല്ലാവരുടെയും വയലാ സാർ, ഇന്നും ഇവിടെ സജീവമാണ്, വത്സല ടീച്ചറോടൊപ്പം ഓർമകളായി കരുത്തായി….