Special Stories

മാലിന്യം പേറുന്ന കടലും തീരം കവരുന്ന തിരമാലകളും 

രാഗനാഥൻ വയക്കാട്ടിൽ

കടൽ ഒരു വിസ്മയമാണ് .എത്ര കണ്ടാലും മതിവരില്ല. ആനയെ ഇഷ്ടപ്പെടുന്നവർ പറയും എത്രകണ്ടാലും മടുപ്പ് തോന്നില്ല. കടൽ കാണുന്നതും അതുപോലെ തന്നെ. അനന്തസാഗരത്തിലേക്ക് കണ്ണും നട്ടിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കടപ്പുറത്ത് അല്പസമയം ഇരുന്നാൽ നമ്മുടെ മനസ്സിന്റെ പിരിമുറുക്കങ്ങൾ കുറയും. കടൽ പ്രമേയമായി എത്രയെത്ര നോവലുകളാണ് വന്നിട്ടുള്ളത് .ഒട്ടേറെ സിനിമകളും .ചെമ്മീൻ, ചാകര’തൂവാനത്തുമ്പികൾ, അമരം, തിരകൾക്കപ്പുറം, അടിയൊഴുക്കുകൾ. തുമ്പോളി കടപ്പുറം, ചമയം മൂന്നാംപക്കം, സീസൺ, അങ്ങനെ എത്രയെത്ര!

പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന പത്മരാജന് കടൽ ഒരു ദൗർബല്യമായിരുന്നു .ഏതു സിനിമയിലും കടലിന്റെ ഒരു സീക്വൻസെങ്കിലും ഉൾപ്പെടുത്തും..ഞാൻ ഗന്ധർവ്വനിലും അത് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. തൂവാനത്തുമ്പികളിലെ ഗാനരംഗം ജയകൃഷ്ണനും ക്ലാരയും കൂടിയുള്ള  ഡ്യൂയറ്റ് (മോഹൻലാൽ, സുമലത ) തൃശൂർ  നഗരത്തിൽ നിന്നും ഏറ്റവും അടുത്തു കിടക്കുന്ന വാടാനപ്പള്ളി കടലോരത്തെ പഞ്ചാരത്തരി മണലിലാണ് ചിത്രീകരിച്ചത്. ചാകരയുടെ 90% ശതമാനവും  ഇതേ സ്ഥലത്താണ് ചിത്രീകരിച്ചത്. തൃശൂരിൻ്റെ ചേറ്റുവ മണപ്പുറത്തിന്റെ അഭിമാനം രാമു കാര്യാട്ട് ചെമ്മീൻ സിനിമയുടെ ഒട്ടേറെ ഭാഗങ്ങൾ ചിത്രീകരിച്ചത് നാട്ടിക കടപ്പുറത്താണ് .തിരകൾക്കപ്പുറം വലപ്പാട് ബീച്ചിലും ,കൂടാതെ എത്രയോ സിനിമകളിൽ അന്ത: സംഘർഷം തിരമാലകളായി നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കടപ്പുറങ്ങളിൽ ഒട്ടേറെ സിനിമാ ഡോക്യുമെന്ററി ചിത്രീകരണങ്ങൾ നടത്തിയിട്ടുണ്ട്.

യഥാർത്ഥ ജീവിതത്തിൽ കടൽരൗദ്രഭാവവുമായി വരുമ്പോൾ നമ്മൾ ഭീതിയിലാകുന്നു. കേരളത്തിലെ തീരപ്രദേശങ്ങൾ വർഷങ്ങളായി കടൽകയറിക്കൊണ്ടിരിക്കുന്നു. ഇത് തീരപ്രദേശത്തിന്റെ മാത്രം പ്രശ്നമാണ് ഞങ്ങളെ ബാധിക്കുന്നതല്ല എന്ന് കരുതിയിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. ഇതുവരെയുള്ള എല്ലാ സർക്കാരുകളും അങ്ങനെ തന്നെയാണ് കരുതിയിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. കിഴക്കൻ ഭാഗങ്ങളിലെ ജനങ്ങളും കരുതിയിരിക്കുന്നത് ഈ കടൽ ഞങ്ങളെ തേടി വരില്ല എന്നാണ്, തികച്ചും തെറ്റായ ധാരണയാണ്. ഫോർട്ട് കൊച്ചിയും, ചെല്ലാനവും വേളിയും ശംഖുമുഖവും എല്ലാം മുമ്പെങ്ങുമില്ലാത്ത വിധം കടലാക്രമണ ഭീഷണിയിൽ ആണ്.

 കേരളത്തിലെ തീരപ്രദേശങ്ങൾ ഒരു വലിയ അണക്കെട്ട് പോലെ കടൽവെള്ളത്തെ തടഞ്ഞ് നിറുത്തുന്നതു കൊണ്ടാണ് കിഴക്കൻ മേഖല സുരക്ഷിതമായി ഇരിക്കുന്നത്.ആ മണൽത്തിട്ടകൾ കടലെടുത്തു പോയാൽ പിന്നെ കേരളം മുഴുവൻ പണ്ട് സമുദ്രമായിരുന്നു എന്ന് പറഞ്ഞത് പഴങ്കഥയല്ലാതായി മാറും. മുമ്പ് നദികളിലൂടെ ധാരാളം മണൽ കടലിൽ ഒഴുകിയെത്തിയിരുന്നു. തിരമാലകൾ ആ മണൽ എല്ലാം അടിച്ചുകൂട്ടി കരയാക്കി മാറ്റും. അങ്ങനെ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉണ്ടായി വന്നതാണ് കേരളത്തിന്റെ തീരദേശത്തെ നാലും അഞ്ചും കിലോമീറ്റർ വീതിയിൽ തെക്കുവടക്കുകിഴക്കുള്ള  ഈ തീരദേശം. പുഴകളിലെ അമിതമായ മണലെടുപ്പുമൂലം കടലിലേക്ക് മണൽ എത്താതായി. പുതിയതായി കര രൂപം കൊള്ളുന്നില്ല എന്ന് മാത്രമല്ല; ശക്തമായ തിരമാല മൂലം നിലവിലുള്ള കര  തന്നെ കടൽ കവർന്നെടുക്കുന്നു. പത്തു വർഷത്തിനിടെ അര കിലോമീറ്ററിൽ അധികം വീതിയിൽ കര കടലെടുത്തു പോയിട്ടുണ്ട്. ഇനി ആ മണൽത്തിട്ട വീണ്ടും സൃഷ്ടിക്കപ്പെടാൻ ഒരു സാധ്യതയുമില്ല. അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണം കടലാക്രമണം മറ്റു ഭാഗത്തേക്കും വ്യാപിച്ചു. വീടിനു മതിൽ കെട്ടുന്നതുപോലെയുള്ള നേർരേഖയിൽ കടൽഭിത്തി കെട്ടിയതുകൊണ്ട്  പരിഹാരമാകില്ല. ഇടനിലക്കാർക്കും കരാർക്കാർക്കും കറവപ്പശുവാണ് കടൽഭിത്തി നിർമ്മാണം. കടലാക്രമണം തടയാൻ മറ്റു വശങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ചാകര വരുമ്പോൾ ആ ഭാഗത്ത് കടൽശാന്തമാകും. അത് എന്തുകൊണ്ടാണ്? ആ ജൈവാവസ്ഥ കൃത്രിമമായി സൃഷ്ടിച്ചാൽ കടലാക്രമണത്തെ തടയാൻ കഴിയില്ലേ? അപൂർവ്വമായി മാത്രം ഉണ്ടാകുന്ന സുനാമിത്തിരമാലകൾക്ക് കടൽഭിത്തി പരിഹാരവുമല്ല.

തൃശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ ഏങ്ങണ്ടിയൂർ വാടാനപ്പള്ളി പൊക്കാഞ്ചേരി ഭാഗങ്ങൾ സ്ഥിരം വേലിയേറ്റ പ്രദേശങ്ങളായി മാറിയിട്ടുണ്ട്. വടക്കൻ മേഖലയും കണ്ണൂർ തലശ്ശേരിയിലെ തീരത്തോട് ചേർന്ന ചെമ്മൺ തിട്ടകളും ദിനം തോറും കടൽ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. അതിനിടെയാണ് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന് പറയുന്നത് പോലെ കടൽ മണലെടുക്കാൻ അനുമതി കൊടുക്കുന്നത്. ഈ ഖനനം കടൽ തീരങ്ങളെ മാത്രമല്ല ബാധിക്കുന്നത്, കടൽ മൊത്തം കലക്കി മറിച്ച് അടിത്തട്ടിലെ ജീവജാലങ്ങളെ എല്ലാം നശിപ്പിക്കുകയും ചെയ്യും. അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് സ്വതന്ത്രമായി മത്സ്യബന്ധനത്തിനുള്ള സാഹചര്യവും ഇല്ലാതാകും. കടലിൻ്റെ ഔദാര്യത്തിലാണ് കരയുടെ നിലനിൽപ്പ്  എന്ന കാര്യം ഭരണാധികാരികൾ പിന്നെ,നമ്മൾ ഓരോരുത്തരും മറക്കരുത്. ആഭ്യന്തര വിനോദസഞ്ചാരം കടൽ തീരങ്ങളെ മാലിന്യക്കൂമ്പാരമാക്കി മാറ്റിയിട്ടുണ്ട്. കടൽ മുഴുവൻ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. കടൽ വെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പിൽ പോലും മാരകമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉണ്ടായേക്കാം. ഏറ്റവും നല്ല പോഷക വിഭവം എന്ന് പറയുന്ന കടൽ മത്സ്യം പോലും ധൈര്യമായി കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് എല്ലാവരും ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചു. കടലിൻ്റെ ഔദാര്യത്തിലാണ് കരയുടെ നിലനിൽപ്പ് എന്ന കാര്യം നമ്മൾ വീണ്ടും വീണ്ടും ഓർക്കണം.

ജീവനും സ്വത്തിനും ദിനംതോറും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന തീരദേശത്തെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കുന്ന കടലിന്റെ മക്കളെ സംരക്ഷിക്കണം’ പരമ്പരാഗത തൊഴിൽ ചെയ്യുന്നവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടാനുള്ള കാര്യങ്ങൾ ചെയ്യണം. മത്സ്യ ബന്ധന നിരോധന സമയത്ത് സാമ്പത്തിക സഹായങ്ങൾ സർക്കാർ ചെയ്യണം. എന്തും കടലിലേക്ക് വലിച്ചെറിയാം എന്ന നമ്മുടെ ചിന്ത മാറണം . എല്ലാ മാലിന്യങ്ങളും പേറാൻ മാത്രം ശക്തിയില്ല നമ്മുടെ കടലമ്മയ്ക്ക്.

error: