കേരള ഹൗസിലെ പുത്തൻമാതൃക പ്രതീക്ഷ പകരുന്നത്
നവ രാഷ്ട്രീയ കാലത്തെ അത്യപൂർവ്വങ്ങളായ സുപ്രധാന കൂടിക്കാഴ്ചകൾക്കും അനുബന്ധ വിരുന്ന് സൽക്കാരങ്ങൾക്കുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ തലസ്ഥാനം വേദിയായത്. കേരളത്തിന്റെ ഗവണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും സംസ്ഥാനത്തുനിന്നുള്ള എം.പിമാർക്കും വിരുന്ന് സൽക്കാരം ഒരുക്കിയത്.
സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവർണർ അതാത് തലസ്ഥാനങ്ങളിൽ അല്ലാതെ വിരുന്ന് സൽക്കാരങ്ങൾ നടത്തുന്നത് പതിവില്ല. കൂടാതെ ഗവർണർമാരും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള അധികാര പോര് അടുത്തകാലത്തായി മൂർഛിച്ച് നിൽക്കുന്ന സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ഭരണ പ്രശ്നങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് കേരള ഗവർണർ നാടിന്റെ ഏത് ആവശ്യത്തിന് ഒപ്പവും പ്രോട്ടോക്കോളിനപ്പുറം കൂടെ താൻ ഉണ്ട് എന്ന് സംസ്ഥാനത്തിന്റെ മന്ത്രിസഭയ്ക്ക് അതിന്റെ നായകന് ഉറപ്പു കൊടുക്കുന്നത്.
ഏറെ പ്രതീക്ഷയും പ്രത്യാശയും പകരുന്നു. അതോടൊപ്പം തന്നെയാണ് ഇന്നോളം ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ് കേന്ദ്രമന്ത്രി ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ സന്ദർശിക്കുന്നത്. അധികാരത്തിന്റെ വലിപ്പച്ചെറുപ്പങ്ങൾക്കപ്പുറം രാജ്യത്തിന്റെയും നാടിന്റെയും പൊതുവികാരത്തിനൊപ്പം ആവശ്യങ്ങൾക്കും ആവലാതികൾക്കും ഒപ്പം അതിർവരമ്പുകൾക്ക് അപ്പുറമുള്ള സവിശേഷമായ ബന്ധങ്ങളും ഒത്തുചേരലുകളും പുത്തൻ ഊർജ്ജവും പ്രതീക്ഷയും സമൂഹത്തിന് സമ്മാനിക്കുന്നുണ്ട്. പക്ഷേ, ആലങ്കാരികമായ വിശേഷണങ്ങളും പതിവ് തെറ്റിച്ചുള്ള സംസാരങ്ങൾക്കുമപ്പുറം പ്രതിവിധിയാണ് ആവശ്യം. ആശയപരമായ യോജിപ്പുകളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ്. കരുത്തും ഊർജ്ജവും നൽകി ആ വട വൃക്ഷത്തെ പരിപാലിച്ചു പോരുന്നത് ഇത്തരം സർഗാത്മകമായ ആശയ സംവാദങ്ങളാണ്. അവിടെ ഒരിക്കലും രാഷ്ട്രീയപരമായ വൈരാഗ്യങ്ങളോ പ്രശ്നങ്ങളോ നേട്ടങ്ങളോ കോട്ടങ്ങളോ ഒന്നും ബാധകമല്ല. കാരണം ഒരു സംസ്ഥാനം എന്നാൽ എണ്ണമറ്റ ജീവിതങ്ങളുടെ ഒരു കൊച്ചു ദ്വീപാണ്.
അവരുടെ പ്രശ്നങ്ങളിൽ പ്രതിസന്ധികളിൽ താങ്ങായി തണലായി ആത്മവിശ്വാസമായി ഒപ്പം നിൽക്കേണ്ട ധാർമികമായ ഉത്തരവാദിത്വം കേന്ദ്ര ഭരണ സംവിധാനങ്ങൾക്ക് ഉണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്നതുപോലെ. അത്രമേൽ ഗൗരവത്തോടെ തന്നെ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും വികാരവിചാരങ്ങൾക്കൊപ്പം കേവലമായ ചിന്തകളും താല്പര്യങ്ങളും മാറ്റിവെച്ച് ഭാരതസർക്കാർ ഒപ്പം നിൽക്കേണ്ടതാണ്. പിന്നിട്ട നാളുകളിലെ എണ്ണമറ്റ സംഭവങ്ങൾ അതാണ് ഇത്തരമൊരു ചിന്ത പങ്കുവയ്ക്കുന്നതിലേക്ക് നയിച്ച ഘടകം. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഫെഡറൽ സംവിധാനത്തിലേക്ക് പതിറ്റാണ്ടുകൾ പിന്നിട്ട രാജ്യം അതിന്റെ മാനവിക മുഖത്തിന് ഒട്ടുമേ ചേർന്നതല്ല അത്തരം ചിന്തകളും നിലപാടുകളും. കേരളം കടുത്ത വേദനകളിലൂടെയും യാതനകളിലൂടെയും സാമ്പത്തിക പ്രയാസങ്ങളിലൂടെയും ആണ് കടന്നുപോകുന്നത് എന്നുള്ളത് വസ്തുതയാണ്. ഇന്ത്യാ രാജ്യത്ത് ഒരു സംസ്ഥാനം ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ അതിന് പ്രതിവിധി കാണേണ്ടത് സംരക്ഷണം ഒരുക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. അതിൽ രാഷ്ട്രീയമായ ആരോപണ പ്രത്യാരോപണങ്ങൾ കലർത്തി നാടിന്റെ ആത്മാഭിമാനത്തെ പരസ്യമായ ചർച്ചകൾക്ക് വിധേയമാക്കുന്നത് ഒട്ടും ശുഭകരമല്ല. ആശാവർക്കർമാരുടെ സമരം, ചൂരൽമല മുണ്ടക്കൈ ദുരന്തം, മെട്രോ റെയിൽ നിർമ്മാണം, കടമെടുപ്പ് പരിധി ഉയർത്തൽ തുടങ്ങി വർഷങ്ങളായി കേന്ദ്രത്തിന്റെ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സംസ്ഥാനം നിരന്തരം കാത്തിരിപ്പ് തുടങ്ങിയിട്ട് പരിധികൾ കഴിഞ്ഞു.
സംസ്ഥാനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് മുൻഗണനയോടെയും കരുതലിലൂടെയും പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ഉടൻ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആദ്യ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചതാണ്. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും കാര്യക്ഷമതയും ആത്മാർത്ഥതയും അനിവാര്യമാണ്.
ജയപരാജയങ്ങൾ ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗമാണ്. ജയിച്ചവരും തോറ്റവരും ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവരെയും ചേർത്തു നിർത്തി പോകുമ്പോൾ മാത്രമേ ഏതു ഭരണവും അർത്ഥപൂർണ്ണമാകൂ. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസം അനുഭവപ്പെട്ട പുത്തൻമാതൃക മഹത്തരമാണ്. അത് ഭരണത്തിലേക്ക് കൂടി പകരേണ്ടതുണ്ടെന്നത് പദവികളിലിരിക്കുന്നവർ കൂടി മനസിലാക്കണം.