Special Stories

കണ്ണൻവാര്യരുടെ കാനനപ്പാതയിലെ സം​ഗീതയാത്ര

തൃശൂർ: ശാസ്ത്രത്തിനൊപ്പം സംഗീതവും ചേർന്നാലേ വനഗവേഷണ കേന്ദ്രം മേധാവി ഡോ. കണ്ണൻ സി.എസ് വാര്യർക്ക് ജീവിതം പൂർണമാകൂ…പീച്ചി കാനനപ്പാതയിലെ അതിരാവിലെയുള്ള സൈക്കിൾ സാവരിയിൽ കണ്ണൻ വാര്യരുടെ മനസിൽ പിറന്ന ഗാനങ്ങൾക്ക് ഈണമിട്ടപ്പോൾ പുറത്തിറങ്ങിയത് നൂറോളം ഗാനങ്ങളാണ്. യുട്യൂബിൽ 200 ഓളം ഗാനങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു.

ഗിറ്റാർ, മൃദംഗഹം, ഹാർമോണിയം, ഇടയ്ക്ക എന്നീ വാദ്യങ്ങളിൽ പ്രഗാത്ഭ്യമുള്ള കണ്ണൻ വാര്യർ അഞ്ച് തവണ കാർഷിക സർവകലാശാല കലാപ്രതിഭയായി. സുഹൃത്തുക്കളുടെ വരികൾക്കാണ് ഈണമിടുന്നത്. മാസം രണ്ട് പാട്ടെങ്കിലും ഇറക്കും. വരികൾക്ക് ഈണം നൽകി ആലപിക്കുന്നതും കണ്ണൻ വാര്യർ തന്നെ. ഔദ്യോഗിക ജോലികൾക്ക് ശേഷമാണ് സംഗീതം. ‘ദശപുഷ്പം’ ഭക്തിഗാന ആൽബവും ‘ലളിതം’ കർണാടക സംഗീത ആൽബവും ഇറക്കിയിട്ടുണ്ട്.

അഞ്ചുവർഷം മുമ്പ് വനമഹോത്സവത്തിൽ ഹിറ്റായ വനം വകുപ്പിന്റെ തീം സോങ് കാടറിവ് കണ്ണൻ വാര്യർ സംഗീതം ചെയ്തതാണ്. പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചത്. ഐക്യരാഷ്ട്രസഭ ബാങ്കോങ്കിൽ നടത്തിയ ബോധവൽകരണ സംരഭത്തിൽ ‘തടിയിൽ നിന്ന് സംഗീതം’ അവതരിപ്പിച്ചു. കേന്ദ്രവനം മന്ത്രാലയത്തിനുവേണ്ടി യജൂർവേദം ആസ്പദമാക്കി ഈണമിട്ട് ആലപിച്ച പ്രകൃതി വന്ദനം രാജ്യന്തര ശ്രദ്ധ നേടി.

ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി പാസായ കണ്ണൻ വാര്യർക്ക് മികച്ച വനശാസ്ത്ര ഗവേഷകനുള്ള ദേശീയ പുരസ്‌കാരവും കാവുകളെ കുറിച്ചുള്ള പഠനത്തിന് റോള എസ്. റാവു പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അമ്മ ശ്രീദേവി വാര്യരും ഹരിപ്പാട് മീനാക്ഷി വാര്യരുമാണ് സംഗീതത്തിലെ ഗുരുക്കൾ.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മക്കൾ അമൃത് വാര്യരും അനിരുദ്ധ് വാര്യരും സംഗീതത്തിൽ സജീവമാണ്. ഭാര്യ ഡോ. രേഖ വാര്യർ കോയമ്പത്തൂരിലെ ഐ.എഫ്.ജി.ടി.ബിയിൽ ചീഫ് സയന്റിസ്റ്റാണ്.

error: