സന്തോഷ നിമിഷം…സ്പേസ് എക്സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
ന്യൂയോർക്ക് (New york): സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തി. ഇതോടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഉടൻ തിരിച്ചെത്തിയേക്കും.
അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30-ന്) റോക്കറ്റ് കുതിച്ചുയർന്നത്. പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണ് ഉണ്ടായിരുന്നത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നീ നാല് ബഹിരാകാശ സഞ്ചാരികളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരിക്കുന്നത്. മാർച്ച് 19 ബുധനാഴ്ച ആയിരിക്കും സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുന്നതെന്നാണ് റിപ്പോർട്ട്.
സുനിതാ വില്യംസിനെയും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകൾ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകത്തിൻറെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം.
ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.