മണ്ഡല പുനർനിർണയത്തിൽ അഭിപ്രായ സമന്വയമുണ്ടാവണം
അന്തർദേശീയ ജനാധിപത്യ രംഗത്ത് സവിശേഷമായ പ്രാധാന്യത്തോടുകൂടി ചർച്ചചെയ്യുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇന്ത്യയിലെ ജനാധിപത്യ ഭരണ വ്യവസ്ഥ. ചരിത്രപരമായ ഒട്ടനവധി പ്രത്യേകതകളും മാതൃകകളും ഇന്ത്യൻ ജനാധിപത്യത്തിന്റെ മാത്രം സ്വകാര്യ നേട്ടമാണ്. എല്ലാവരെയും ഉൾക്കൊണ്ട് ഒന്നായി മുന്നോട്ടുപോകുന്ന മാനവികതയുടെ മുഖമാണ് ഭാരതത്തിന്. ആ വഴിത്താരയിലൂടെയാണ് ലോകം കണ്ട കരുത്തുറ്റ ഭരണാധികാരികൾ പിറവികൊണ്ടത്. അവിടെ ഏകാധിപത്യത്തിന്റെ കൊടിക്കൂറ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന, നിലവിൽ രാജ്യത്തെ നയിക്കുന്ന, ഭരണ സംവിധാനത്തിന്റെ കുറ്റകരമായ നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് കാലങ്ങളോളം നീണ്ടു നിൽക്കുന്ന ഭീഷണിയാണ് ഉയർത്തുന്നത്.
7 പതിറ്റാണ്ട് പിന്നിട്ട രാജ്യത്തിന്റെ ഭരണനിർവഹണ രീതിക്ക് പുതിയ മാനങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന ലോക്സഭാ മണ്ഡല പുനർനിർണയം അത്തരത്തിൽ ഒന്നാണ്. വേണ്ടത്ര കൂടിയാലോചനകളോ, ഭരണഘടന വിദഗ്ധരും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയങ്ങൾ ഒന്നും നടത്താതെ ഏകപക്ഷീയമായി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും വ്യാപകമായി മണ്ഡല പുനർനിർണയത്തെ സംബന്ധിക്കുന്ന ഔദ്യോഗികവും അനൗപചാരികവുമായ ചർച്ചകൾ നടത്തുന്നത് ശരിയായ നടപടിയല്ല. അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ പെരുമാറുന്ന കേന്ദ്രസർക്കാർ നിലപാട് ജനങ്ങളെയും രാജ്യത്തെയും അപമാനിക്കുന്നതിനു തുല്യമാണ്.
20 ലക്ഷം ജനങ്ങൾക്ക് ഒരു ലോക്സഭാ മണ്ഡലം എന്നുള്ളതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്ന പുനർ നിർണയ രീതി. കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കിയ ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങൾക്ക് ഒട്ടും പ്രായോഗികമല്ല ഈ നിർദ്ദേശം. യു.പി പോലെയുള്ള ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഒറ്റനോട്ടത്തിലും സാങ്കേതികമായും ഇതിന്റെ ഗുണം ലഭിക്കുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള മണ്ഡലങ്ങൾ ഗണ്യമായി കുറയും. വോട്ട് അവകാശത്തിലൂടെ ഹിതം രേഖപ്പെടുത്താനുള്ള ജനതയുടെ മൗലികമായ അവകാശത്തെ തുലാസിൽ ആക്കുന്നതാകും നിർണയം.
545 അംഗ ലോക്സഭ, ഈ പുനർനിർണയത്തോടെ 745 ആകും. രാജ്യഭരണം കയ്യാളുന്ന ബി.ജെ.പിക്കാണ് സ്വാഭാവികമായി നേട്ടം ഉണ്ടാക്കാൻ കഴിയുക. സീറ്റ് നിലവാരത്തിലെ അസന്തുലിതാവസ്ഥ ഭരണ സുഗമമായ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. ആധികാരികമായ പഠനം നടത്തി തുല്യത ഉറപ്പാക്കുന്ന വിധത്തിലാവണം പുനർനിർണയം നടത്തേണ്ടത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളെയും വിളിച്ചുചേർത്ത് കക്ഷിരാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി വിവേചനങ്ങളില്ലാതെ ചർച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ ഇതിന്റെ പ്രായോഗികത പരിശോധിച്ച് നടപ്പിലാക്കുന്നതാണ് ഉചിതം.
ഫെബ്രുവരി 22ന് കേന്ദ്ര നിലപാടിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതിപക്ഷ കക്ഷികളുടെ തുറന്ന നിലപാടായി മാറും എന്നതുറപ്പ്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലിനുള്ള ഒരു വിഷയം കൂടിയാവുകയാണ് ഇതും. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം കാത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യാവകാശവും അതിന്റെ സൗന്ദര്യവും അത്രമേൽ പ്രശോഭിതമാവുന്നത് ഈ വൈവിധ്യങ്ങളിലെ ഏകോദരം കൊണ്ടാണെന്നത് മറക്കരുത്. രാഷ്ട്രീയ താൽപര്യത്തിനുപരിയായി രാഷ്ട്രതാൽപര്യത്തിനാവണം മുൻഗണന.