ആശാവർക്കർമാരുടെ സമരം ഇന്ന് 37ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിയേഴാം ദിവസം. ഇന്നലെ നൂറുകണക്കിന് ആശമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു. സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ സമരത്തിൽ എത്തിയത്.
മൂന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങുമെന്ന് ആശമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 3 ആശമാർ ആയിരിക്കും ആദ്യഘട്ടം നിരാഹാര സമരം ഇരിക്കുക. സമരം തീർക്കാൻ വീണ്ടും ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേ സമയം ഇന്നലെ ഓണറേറിയം നൽകുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരാവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉള്‍പ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം സമരത്തിന്‍റെ വിജയമാണെന്നും എന്നാൽ, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.