ടൂറിസ്റ്റുകൾക്ക് വഴികാട്ടാൻ റെഡിയാണോ? മാസം നല്ലൊരു തുക സമ്പാദിക്കാം
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ടൂറിസം മേഖലയിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്കുമായി അഡ്വഞ്ചർ പാർക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിവിധ ജോലികൾക്കായി ആളുകളെ പ്രാപ്തരാക്കാൻ നൈപുണ്യ പരിശീലന പരിപാടികൾ ആരംഭിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കെഐഐടിഎസ്) കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.
ഏഴു ദിവസം മുതൽ എട്ടു ദിവസം വരെ സമയം കൊണ്ട് പൂർത്തിയാക്കുന്ന മൂന്നു സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘ഏൺ വൈൽ യു ലേൺ’ പദ്ധതിയ്ക്ക് കീഴിൽ വരുന്ന പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. പുറമേ നിന്നുള്ളവർ നിശ്ചിത ഫീസ് ഒടുക്കണം. എട്ടാം ക്ലാസ് പാസായ, 18 വയസ് തികഞ്ഞവർക്കും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവർക്കും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും കോഴ്സസിൽ പങ്കെടുക്കാം.
അഡ്വഞ്ചർ ആക്ടടിവിറ്റി അസിസ്റ്റൻ്റ് (7 ദിവസം- ഫീസ് 14,000 രൂപ), അഡ്വഞ്ചർ ആക്ടിവിറ്റി സൂപ്പർവൈസർ (8 ദിവസം- ഫീസ് 16,000 രൂപ), നേച്ചർ ഇൻ്റർപ്രെട്ടർ (8 ദിവസം – ഫീസ് 16,000 രൂപ) തുടങ്ങിയവയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ വളർന്നുവരുന്ന സാഹസിക ടൂറിസം വിപണിയിലേക്ക് കടന്നുചെല്ലുന്നതിനും ടൂറിസം മേഖലയിൽ വരുമാന സ്രോതസ് കണ്ടെത്താനും യുവാക്കളെ സഹായിക്കാൻ ലക്ഷ്യം വച്ചുള്ളതാണ് പരിപാടി.
മൂന്നാർ ഗവണ്മെൻ്റ് കോളേജിലെ പതിനെട്ടു വിദ്യാർഥികളും, പുറമേ നിന്നുള്ള നാലുപേരുമടക്കം ആകെ 22 പേരാണ് ആദ്യ കോഴ്സിൽ പങ്കെടുക്കുന്നത്. സാഹസിക ടൂറിസം ആക്റ്റിവിറ്റികൾക്ക് കൂടുതൽ സാധ്യതയുള്ള മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട്, സംസ്ഥാനത്തുടനീളം പരിശീലന പരിപാടി നടത്താനാണ് ആലോചിക്കുന്നത്. അടുത്തതായി വയനാട്ടിൽ പരിശീലനം ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിലൂടെ ഈ വർഷം ഏകദേശം 300 യുവാക്കൾക്ക് പരിശീലനം നൽകാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്