Special Stories

ലോക വനദിനം

ഡോ.  അജയ് നാരായണൻ

“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഇതു പ്രാണവായുവിനായി നടുന്നു
ഇത് മഴയ്ക്കായി‌ തൊഴുതു നടുന്നു
അഴകിനായ്, തണലിനായ്, തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു…“

ഈ വരികളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി എല്ലാം പറഞ്ഞിട്ടുണ്ട്. അന്തർദ്ദേശീയ വനദിനത്തിൽ നാം കൈരളിക്കും ലോകത്തിനും പകരേണ്ട സന്ദേശവും ഇതുതന്നെ. അഴകിനും തണലിനും പ്രാണവായുവിനും മക്കൾക്കുമായുള്ള തൈകൾ നമ്മൾ ഇനിയും നടേണ്ടിയിരിക്കുന്നു എന്ന സന്ദേശം കവി പറയുമ്പോൾ അതുൾക്കൊണ്ടിരുന്നു നമ്മുടെ നാടും.

ഭൂമിയുടെ ആവാസവ്യവസ്ഥയുടെ സന്തുലനത്തിനും വിഭവശേഷിയുടെ കൃത്യമായ സമാഹരണത്തിനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ 2011 ലാണ് മാർച്ച്‌ 21 വനദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം എടുത്തത്.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ ഭൂമിയിലെ സർവ്വമാന ജീവജാലങ്ങളെയും സംരക്ഷിക്കുകയും വനവിഭവങ്ങളെ ആശ്രയിക്കുന്നവരുടെ ജീവസന്ധാരണം സുഗമമാക്കുകയും അതിലൂടെ വനങ്ങളുടെ സംരക്ഷണത്തിന് വ്യക്തികൾക്കും സംഭാവന നൽകുവാനും കഴിയും എന്നതാണ് വനദിനാഘോഷത്തിന്റെ മേന്മ.

സസ്യജാലങ്ങളെ സംരക്ഷിക്കുക എന്നാൽ ഭൂമിയെ സംരക്ഷിക്കുക എന്നുതന്നെയാണ് അർത്ഥം.  സൗരോർജ്ജത്തെ ആഗിരണംചെയ്തു വായുവും ജലവും അന്നജവും മറ്റു ജീവജാലങ്ങൾക്ക് ഏകുകയും അതിലൂടെ ഭൂമിയുടെ നിലനില്പിനാവശ്യമായ വിഭവങ്ങളെ ശരിയാംവണ്ണം വിതരണം ചെയ്യുന്ന ജൈവപ്രക്രിയ സംഭവിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം കൈവരിക്കുവാനായി വനസമ്പത്തും ഭക്ഷണസുരക്ഷയും 2025 ലെ വനദിന സന്ദേശമായി രൂപപ്പെടുത്തിയിട്ടുണ്ട്.

കേരളസർക്കാരിന്റെ കണക്കു പ്രകാരം സംസ്ഥാനത്തെ ഏറ്റവുമധികം വനമേഖലയുള്ള ജില്ല ഇടുക്കിയാണ്. 3770 ഓളം ചതുരശ്ര കിലോമീറ്ററിൽ പടർന്നുകിടക്കുന്നു ഇടുക്കി ജില്ലയിലെ വനവിഭവം. പിന്നാലെയുണ്ട് പാലക്കാടും പത്തനംതിട്ടയും. കേരളത്തിലെ മൊത്തം വനത്തിൽ ഭൂരിഭാഗവും ഉഷ്ണമേഖല നിത്യഹരിത വനങ്ങളും ആർദ്ര നിത്യഹരിത വനങ്ങളാണ് (65%). കേരളത്തിന്റെ ഭൂപ്രദേശത്തിൽ 29% ത്തോളം വരുന്ന വനഭൂമി ഇന്ത്യയുടെമൊത്തം വരുന്ന 21% വനഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രതയിൽ ഉയർന്ന വനഭൂമിയുടെ നിരക്ക് ആശാവഹമാണ്.

കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയിൽ അറബിക്കടലും സഹ്യാദ്രിയും ഒരു സുരക്ഷിതവലയം തീർക്കുന്നുവെങ്കിലും ദുർബലമായിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയെ സംരക്ഷിക്കുവാനും വനസമ്പത്ത് കാര്യക്ഷമമായി കൈകാര്യം ചെയ്യുവാനുമായി ഗാഡ്ഗിൽ സമിതിയും കസ്തൂരി രംഗൻ സമിതിയും പല നിർദ്ദേശങ്ങളും സർക്കാരിനുമുന്നിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയമായുള്ള പ്രത്യാഘാതം കണക്കിലെടുത്താവാം പൂർണ്ണമായും ഈ സമിതികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുവാനോ ഉചിതമായ നടപടികൾ കൈകൊള്ളുവാനോ മാറിമാറി വരുന്ന കേരള സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.

ഇതോടുകൂടി ചേർത്തുവായിക്കേണ്ടതാണ്,  കൂടിവരുന്ന ചൂട്,  ഒറ്റ മഴയിൽ സംഭവിക്കുന്ന പ്രളയം, തുടരെത്തുടരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ.  നാടിറങ്ങിവരുന്ന വന്യജീവികൾ മനുഷ്യജീവനും അവരുടെ സ്വത്തിനും നാശംവരുത്തുന്ന തുടർക്കഥ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വനവിഭവങ്ങളെ ചൂഷണം ചെയ്യുകയും മൃഗങ്ങളെ സാമ്പത്തിക നേട്ടത്തിനായി കൊന്നൊടുക്കുകയും അനുവാദം കൂടാതെ ഖനനം,  മരം മുറിക്കൽ തുടങ്ങിയ കൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്കെതിരായുള്ള നിയമം കർശനമാക്കേണ്ടതും വനദിനം ആഘോഷിക്കുമ്പോൾ നമ്മൾ ഓർമ്മിക്കണം.
അതോടൊപ്പം വീണ്ടും വീണ്ടും നമുക്കു പാടാം,  
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി”.

error: