International

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം കസ്റ്റഡിയിൽ എടുത്ത പലസ്തീനി സംവിധായകൻ ഹംദാൻ ബലാൽ വിട്ടയച്ചു

വെസ്റ്റ് ബാങ്ക് (west bank): ഇസ്രായേൽ സൈന്യം കസ്റ്റഡിയിൽ എടുത്ത ഓസ്‌കർ ജേതാവായ പലസ്തീനി സംവിധായകൻ ഹംദാൻ ബലാലിനെ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഹംദാന്റെ വീട്ടിൽ ജൂത കുടിയേറ്റക്കാർ ആക്രമണം നടത്തിയത് തുടർന്നായിരുന്നു സൈനികർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്ത ശേഷം ഹംദാനേയും മറ്റു രണ്ടു ഫലസ്തീനികളേയും കിര്യത്ത് അർബയിലെ ഒരു പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, പരിക്കേറ്റ ഇവർക്കു ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെന്നാരോപണമുണ്ട്.

തന്റെ വീടിന് മുന്നിൽ വെച്ച് കുടിയേറ്റക്കാർ തന്നെ മർദിച്ചതും അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതുമാണെന്ന് ഹംദാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൈന്യം കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് സൈനിക താവളത്തിലേക്ക് മാറ്റിയ ശേഷം 24 മണിക്കൂറോളം കണ്ണ് കെട്ടിയ നിലയിൽ പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഹംദാനും മറ്റ് തടവുകാരും ചേർന്ന് ഒരു ഇസ്രായേലി കുടിയേറ്റക്കാരനെ കല്ലെറിഞ്ഞതായി ആരോപണമുണ്ടെന്നും ഹംദാൻ ഈ ആരോപണം നിഷേധിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ പ്രതികരണം.

തിങ്കളാഴ്ച വൈകുന്നേരം റമദാൻ നോമ്പുതുറക്കുന്നതിനിടെയാണ് വെസ്റ്റ് ബാങ്കിലെ സുസ്യ ഗ്രാമത്തിൽ ഹംദാനെ കുടിയേറ്റക്കാർ മർദിച്ചത്. ഗ്രാമത്തിൽ പതിവായി ആക്രമണം നടത്തുന്ന ഒരാൾ സൈന്യത്തോടൊപ്പം ഹംദാന്റെ വീട്ടിലേക്ക് എത്തുകയും അദ്ദേഹത്തെ മർദിക്കുകയുമായിരുന്നു. പിന്നാലെയാണ് സൈന്യം ഹംദാനെ കസ്റ്റഡിയിലെടുത്തത്.

ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്‌കർ ജേതാവായ നോ അതർ ലാൻ്റ് ( No Other Land ) എന്ന സിനിമയുടെ സഹസംവിധായകനാണ് ഹംദാൻ ബലാൽ. ഓസ്‌കർ വേദിയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം പ്രദേശത്ത് തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും സിനിമ നിർമിച്ചതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ അതിക്രമമെന്നും സഹസംവിധായകനും പ്രദേശവാസിയുമായ ബസേൽ അദ്ര ആരോപിച്ചു.

Highlights: Oscar-winning Palestinian director detained by Israel released

error: