Special Features

ബോധി തരുത്തണലിൽ

കെ. ഭാനു

യുക്തിബോധത്തിന്റെ മഹാവൃക്ഷത്തണലാണ് ബുദ്ധന്റെ സമീപ്യം. നാം നമ്മുടെ മഹത്തായ പാരമ്പര്യത്തിലേക്ക് കല്പിത കഥകളുടെ ഹിമാലയം മുഴുവൻ ഇറക്കിവെച്ചപ്പോൾ കാരുണ്യത്തിന്റെ അനന്തസാഗരമായ ബുദ്ധനേയും ബൗദ്ധ പാരമ്പര്യത്തേയും ബോധപൂർവ്വം മറന്നു.

ഇന്ത്യൻചാർവ്വാക ദർശനത്തിന്റെ സമുന്നത ശ്രേണിയിലാണ് ബുദ്ധൻ. ദുഖത്തിന്റേയും ഭയത്തിന്റെയും കാര്യകാരണങ്ങൾ അന്വേഷിച്ച് യാത്ര ചെയ്ത ബുദ്ധനു മുന്നിൽ ബ്രാഹ്മണ്യത്തിന്റെ പുഴുക്കുത്തേറ്റ് ദ്രവിച്ചു മണ്ണടിയുന്ന ഇരുണ്ട ലോകമാണ് അനാവൃതമായത്.

അജ്ഞാനത്തിന്റെ ഇരുട്ട് മാനവരാശിയെ ആകമാനം മൂടികിടക്കുന്നതായി ബുദ്ധൻ തിരിച്ചറിഞ്ഞു. അറിവുമാത്രമാണ് മാനവമോചനത്തിന്റെ മഹാമന്ത്രമെന്നറിഞ്ഞ ബുദ്ധൻ ജ്ഞാനത്തിന്റെ ദീപ്തി മാനവരിൽ ചൊരിയുകയാണ് തന്റെ കർത്തവ്യമെന്ന് മനസ്സിലാക്കി. ( ഈ ബോദ്ധ്യമുള്ളതുകൊണ്ടാണ് സാവിത്രി മാ ഫുലെ, മഹാത്മാ ഫുലെ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, നാരായണഗുരു, അംബേദ്ക്കർ എന്നീ മഹത് പ്രതിഭകളും വിദ്യാഭ്യാസത്തിന് ഉന്നത സ്ഥാനം നൽകിയത്.)
ബ്രാഹ്മണ്യം അറിവിനെ സംസ്കൃതമെന്ന അപ്രാപ്യ ഭാഷയിൽ പൊതിഞ്ഞുവെക്കുകയും മന്ത്രങ്ങളും ഹോമങ്ങളും മാത്രം നൽകി മനുഷ്യരെ വെറും കോമാളികളും പാവകളുമാക്കി മാറ്റിയപ്പോൾ ബുദ്ധൻ അവരിലേക്ക് ജ്ഞാന ദീപ്തിയുമായി കടന്നു ചെന്നു.

ആശ കൈവെടിയാൻ ബുദ്ധൻ പറഞ്ഞുവെന്നാണ് നാം പാഠപുസ്തകങ്ങളിൽ പഠിക്കുന്നത്. എന്നാൽ നമ്മിൽ ഉറഞ്ഞു കൂടിയ ദുരാഗ്രഹത്തെ ത്യജിക്കാനാണ് അവൻ പറഞ്ഞത്. അറിവുതേടി ഗുരുകുലത്തിൽ സമ്പന്ന സവർണ വിഭാഗങ്ങൾക്കു മാത്രം പ്രവേശനമുണ്ടായിരുന്ന കാലത്ത് ഗുരുവായ ബുദ്ധൻ അറിവുമായി കുടിലുകളിൽ ചെന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ സാധാരണരിൽ സാധാരണരായ മനുഷ്യരുടെ കുടിലുകളിൽ. അവരുടെ ഭാഷയായ പാലിയിൽ അവരോട് സംവദിച്ചു.

അവൻ തന്റെ സഹഭിക്ഷുക്കളോട് പറഞ്ഞത് നിങ്ങൾ ജനങ്ങളുടെ മുന്നിൽ മന്ത്ര തന്ത്രങ്ങളും ഇന്ദ്ര ജാലങ്ങളും കാണിക്കരുത്. അവർക്ക് നിങ്ങൾ രക്ഷകനായി മാറരുത്. ഈ ഭൂമിയിൽ രക്ഷകന്മാരില്ല. നിങ്ങളുടെ രക്ഷയും ശിക്ഷയും നിങ്ങൾ തന്നെയാണ്. അതുകൊണ്ട് ബുദ്ധഭിക്ഷുക്കൾ രക്ഷാ കർതൃത്വം ചമയാതെ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഉപായങ്ങൾ ഉപദേശിച്ചു. അസുഖം വന്നവർക്ക് മരുന്നു നൽകി. കുഷ്ഠം പോലെ മാറാവ്യാധികൾ ഉള്ളവരെ പരിചരിച്ചു.

അന്നം ഇല്ലാത്തവന്ന് തങ്ങളുടെ ഭിക്ഷയിൽ നിന്നും പകുത്ത് നൽകി.
ബ്രാഹ്മണ പൗരോഹിത്യം എന്തെല്ലാം ചെയ്തുവോ അതിനു നേർവിപരീതമായ യാത്രയായിരുന്നു ബുദ്ധന്റേത്. ആതിഥ്യം സ്വീകരിക്കുകയും ഇന്ദ്രജാലങ്ങളും ഹോമങ്ങളും യജ്ഞങ്ങളും ഒക്കെയായി യഥേഷ്ടം ദാനങ്ങൾ സ്വീകരിച്ച് സമൂഹ ശരീരത്തിലെ ദുർമേദസ്സായി ബ്രാഹ്മണർ നിറഞ്ഞുനിന്നപ്പോൾ ആതിഥ്യം, ദാനങ്ങൾ ഇവ സ്വീകരിക്കരുതെന്നും അറിവ് പകർന്നുകൊടുക്കുന്നതിന് ഭിക്ഷയായി ഭക്ഷണം മാത്രം സ്വീകരിക്കാനും ബുദ്ധൻ നിർദ്ദേശിച്ചു. സാമൂഹിക ശരീരത്തിൽ നിശബ്ദമായി പടർന്ന വിപ്ലവമായിരുന്നു അത്.

നമ്മുടെ ഇഹത്തേയും പരത്തേയും നിയന്ത്രിക്കുന്ന സർവ്വവ്യാപിയായ ഈശ്വരൻ ഇല്ല എന്നു തന്നെ ബുദ്ധൻ പറഞ്ഞു.
മരണം പോലുള്ള സ്ഥായിയായ ദുഖങ്ങളും മനുഷ്യനിർമിതമായ ദുഖങ്ങളും ഉണ്ടെന്ന് ബുദ്ധൻ പറഞ്ഞു.
മനുഷ്യനിർമിത ദുഖങ്ങളെ പരിഹരിക്കലായിരുന്നു ബുദ്ധഭിക്ഷുക്കളുടെ ജോലി. രോഗികളെ ശുശ്രൂഷിക്കൽ മാത്രമല്ല വീടു കെട്ടിക്കൊടുക്കുകയും കിണർ കുത്തികൊടുക്കുകയും പെൺകുട്ടികൾക്ക് വരനെ കണ്ടെത്തുന്നതിൽ വരെ ജനസേവകരായ പൊതുപ്രവർത്തകരെ പോലെ തികച്ചും ഭൗതീകമായ കാര്യങ്ങളിലാണ് ഭിക്ഷുക്കൾ ഏർപ്പെട്ടത്.

അഹിംസ പരമമായ ധർമ്മമെന്ന് ഘോഷിച്ച ബുദ്ധൻ നമ്മുടെ അഹംബോധത്തിലെ ഹിംസയെ ആണ് ഉപേക്ഷിക്കാനാവശ്യപ്പെട്ടത്.
ഒരിക്കൽ ധനികനായ ഒരു വ്യാപാരി ബുദ്ധനെ കാണാനെത്തി. അദ്ദേഹം കണ്ണഞ്ചിക്കുന്ന രത്നാവലികൾ പതിച്ച അമൂല്യമായ ഒരു താമരപ്പൂ ബുദ്ധന് സമർപ്പിച്ചു.

ധ്യാന ബുദ്ധൻ മന്ദഹാസത്തോടെ അത് കളയൂ എന്നു പറഞ്ഞു. വ്യാപാരി തന്റെ ധനികത്വം അനൗചിത്യമായിപ്പോയി എന്നു കരുതി സുഗന്ധവാഹിയായ മറ്റൊരു സാധാരണ താമരപ്പൂ സമർപ്പിച്ചു. ബുദ്ധൻ അതും കളയൂ എന്ന് നിർദ്ദേശിച്ചു. നിസ്സഹായ അവസ്ഥയിലായ വ്യാപാരി ഇനി എന്തുചെയ്യേണ്ടു എന്ന അർത്ഥത്തിൽ സമീപസ്ഥനായ ബുദ്ധന്റെ ശിഷ്യൻ ആനന്ദനെ നോക്കി. ആനന്ദൻ പറഞ്ഞു; നിങ്ങളുടെ ഉള്ളിലെ അഹന്തയെ കളയൂ എന്നാണദ്ദേഹം പറഞ്ഞത് എന്ന്.

അഹന്തയും അധികാരവും സമ്പത്തും അനീതിക്ക് കാരണമാകുമെന്ന് ബുദ്ധൻ വിശ്വസിച്ചു. കൊട്ടാരമുപേക്ഷിച്ച് കാനനത്തിന്റെ സ്വച്ഛതയിൽ ബുദ്ധനെത്തുന്നത് അങ്ങനെയാണ്. അധികാരവും സമ്പത്തുമുള്ളവൻ അത്രമാത്ര ഭയവും ചുമന്നു നടക്കുന്നു. അതുകൊണ്ടാണ് കൊട്ടാരങ്ങളും കോട്ടകളും സൈന്യവും പാറാവും ഉണ്ടാകുന്നത്. ഭയം തനിക്കു ചുറ്റും ശത്രുവിനെ കണ്ടെത്തുന്നു.

ഭയം മനുഷ്യനെ ദയയില്ലാത്തവനാക്കുന്നു. ഭയമേറിയ മനുഷ്യൻ സദാ ആയുധധാരിയാവുന്നു. അയൽവീടിന് തീവെക്കുന്നു, ഹിംസാവാദിയാവുന്നു.
ബുദ്ധൻ തന്റെ ഭിക്ഷുസമൂഹത്തോട് ഭയം ഉപേക്ഷിക്കാൻ പറഞ്ഞു. സർവ്വതും ഉപേക്ഷിച്ച അവരിൽ കാരുണ്യം മാത്രം അവശേഷിച്ചു. കാരുണ്യവും സ്നേഹവും അവരുടെ ഉടയാടകളായി.

ശാന്തിയുടെ സന്ദേശവാഹക സംഘമായി അവർ യാത്രചെയ്തു. നടക്കുമ്പോൾ തിരക്ക് പാടില്ലായിരുന്നു. ഏറ്റവും ബലഹീനനായ ഭിക്ഷുവിനും സാർത്ഥവാഹക സംഘത്തിന്റെ വേഗത്തിൽ അലിഞ്ഞു ചേരാൻ അവർ വളരെ പതുക്കെ നടന്നു. തലമുണ്ടനം ചെയ്ത് നിറമില്ലാത്ത ഒറ്റ വസ്ത്രമുടുത്ത് അഹന്തയുടെ എല്ലാ ചിഹ്നങ്ങളും മാച്ചു കളഞ്ഞു. അവർ മിതമാത്ര ഭക്ഷണം ഭിക്ഷയായ് സ്വീകരിച്ചു. ചെല്ലുന്നിടം ശ്മശാനമോ വനമോ എന്തുമാകട്ടെ അവിടെ ശയിച്ചു.

നാമിനി യുദ്ധം കൊണ്ടല്ല നമ്മുടെ സാമ്രാജ്യത്തിന്റെ അതിരുകൾ വിശാലമാക്കുക, പകരം ബുദ്ധ ധമ്മം കൊണ്ടാണ് എന്ന് പിൽക്കാലത്ത് അശോകനെന്ന ചക്രവർത്തിയെക്കൊണ്ട് പറയിപ്പിക്കും വിധം അത്രയും മഹത്തായ ജീവിത സന്ദേശം നമുക്കു നൽകിയ ഈ ബോധി തരുവിൻ തണൽ ഇന്നും കൃത്യമായ രാഷ്ട്രീയ ഇടപെടൽ തന്നെയാകുന്നു.

Highlights: Under the shade of the Bodhi islet

error: