മത്സ്യത്തൊഴിലാളി പെൻഷൻ മുടങ്ങിയിട്ട് നാല് മാസം; മക്കള്‍ക്കുള്ള ഗ്രാന്റുകള്‍ മുടങ്ങിയിട്ട് മൂന്ന് വര്‍ഷം
തിരുവനന്തപുരം(Trivandrum): കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് ലഭിക്കുന്ന പെൻഷൻ മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. പതിവ് പ്രകാരം ലഭിക്കേണ്ട 1,600 രൂപ പെൻഷൻ കൃത്യസമയം മസ്റ്ററിങ് ചെയ്തിട്ടും പലർക്കും ലഭിച്ചിട്ടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി. ചിലർക്ക് അവസാനം ലഭിച്ചത് 1,300 രൂപ മാത്രമാണെന്നും പരാതി ഉയരുന്നു. അംഗങ്ങളിൽ ഭൂരിഭാഗവും നിത്യരോഗികളായതിനാൽ പെൻഷൻ തടസ്സപ്പെടുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങളും ബോർഡ് നൽകുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പരാതി.
ബോർഡിൽ 2.5 ലക്ഷം പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് അംഗങ്ങളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, ഒന്നര ലക്ഷത്തിലധികം അനുബന്ധ തൊഴിലാളികളും അംഗങ്ങളാണ്. ഇവരിൽ നിന്നു പ്രതിമാസം 300 രൂപ അംശാദായമായി ഈടാക്കുന്നു. എന്നാൽ, ഇതിനൊപ്പം തന്നെ മത്സ്യത്തൊഴിലാളി വിധവകൾക്കുള്ള പെൻഷൻ കഴിഞ്ഞ ആറുമാസമായി ലഭ്യമാകാത്തതും ഏറെ ആശങ്കയ്ക്കിടയാക്കുന്നു. വിവാഹസഹായവും ചികിത്സാ സഹായവും മുടങ്ങിക്കിടക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻ്റുകളും കഴിഞ്ഞ മൂന്ന് വർഷമായി വിതരണം ചെയ്തിട്ടില്ല.
Highlights: monthly pension paid to members of the Kerala Fishermen’s Welfare Fund Board has been suspended