വഖഫ് ബിൽ ചർച്ചയിൽ രാഹുലും പ്രിയങ്കയും വിട്ടു നിന്നതെന്തിന്
ഒരു പകലും രാത്രിയും പിന്നിട്ട് നേരം വെളുക്കുന്നതു വരെ നീണ്ട വഖഫ് ഭേദഗതി ബില്ലിന്റെ സുപ്രധാനമായ ചർച്ചയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് അതികായരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. കോൺഗ്രസ് നേതാക്കൾ എന്ന നിലയിൽ മാത്രം ഒതുക്കേണ്ടവരല്ലാത്തവർ ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദം വരെ നീളുന്ന രാഷ്ട്രീയ യാത്രയ്ക്ക് ജനങ്ങൾ പ്രതീക്ഷയോടെ നോക്കി കാണുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുമാണ് ഈ രണ്ട് വ്യക്തികളും. ഒരാൾ പ്രത്യക്ഷമായും മറ്റൊരാൾ മൗനത്തിലാണ്ടുമായിരുന്നു അസാനിധ്യം. ബുധനാഴ്ച പാർലമെൻ്ററി ചരിത്രത്തിലെ തന്നെ സുപ്രധാനമായ അധ്യായമായിരുന്നു പാർലമെന്റിൽ അടയാളപ്പെടുത്തിയത്. അവിടെയാണ് ഇന്ത്യയുടെ ശബ്ദം എന്ന് കരുതുന്നവരുടെ മൗനവും അസാന്നിദ്ധ്യവും അത്രത്തോളം ആഴത്തിൽ ഗൗരവമേറിയതാവുന്നത്. വ്യക്തിപരമായ അസൗകര്യങ്ങളാണ് പ്രിയങ്കാ ഗാന്ധിയുടെ കാര്യത്തിൽ പറയുന്നതെങ്കിലും ഏകദ്ദേശം ഒരാഴ്ച്ച മുമ്പ് എങ്കിലും പാർലമെൻ്റ്റി വിശദാംശങ്ങൾ ലഭിക്കുമെന്നിരിക്കെ ഔദ്യോഗികമായി വേണ്ട ക്രമീകരണങ്ങൾ നടത്താമായിരുന്നു. പ്രിയങ്ക ഈ വിഷയത്തിൽ അതായത് മുസ്ലീം വിഭാഗത്തെ ബാധിക്കുന്നത് കോൺഗ്രസും ലീഗും അവകാശപ്പെടുന്നതും മുനമ്പത്തിനു വേണ്ടിയുള്ള ബിൽ എന്ന് കെ.സി.ബി.സി ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങളും അവകാശപ്പെടുന്ന വഖഫ് ഭേദഗതിയിൽ പ്രതികരണം സഭയ്ക്ക് അകത്തും പുറത്തും നടത്തിയിട്ടില്ല. ബുധനാഴ്ച്ച ചർച്ചക്കിടയിൽ വന്ന രാഹുൽ ഗാന്ധി വിവിധ ഘട്ടങ്ങളിൽ ലോക്സഭയ്ക്കും പുറത്തും വ്യക്തമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഏറെ സജീവമായി ഇടപെടേണ്ട ചർച്ചയിൽ തുടർന്ന മൗനം നിലപാടുകളിൽ വ്യക്തയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നു. അതിന് അവസരം ഒരുക്കാതിരിക്കാൻ നേതാക്കളും കോൺഗ്രസ് പാർട്ടിയും ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നു. വിവിധ വിഷയങ്ങളിൽ സമയബന്ധിതമായി അഭിപ്രായങ്ങൾ പറയുന്നതിലുള്ള കാലതാമസം കോൺഗ്രസിനെ പൊതു ജനങ്ങൾക്കിടയിൽ വലിയൊരുളവിൽ തെറ്റിദ്ധാരണകൾക്ക് വിധേയമാക്കുന്നുണ്ട്. മൂന്ന് വർഷത്തിലിരിക്കൽ മാത്രം നടക്കുന്ന അത്രമേൽ പ്രാധാന്യമേറിയ സമ്മേളനം നടക്കുന്ന സി.പി.എം പ്രതിനിധികൾക്ക് പാർട്ടി നിർദേശം നൽകിയത് പാർലമെന്റിലെ സുപ്രധാനമായ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണമെന്നാണ്. സമ്മേളനത്തിനായി മധുരയിലെത്തിയ കെ.രാധാകൃഷ്ണനും, ജോൺ ബ്രിട്ടാസും എ.എ.റഹീമും വി.ശിവദാസനും അടക്കമുള്ള എം.പിമാർ തിരികെ ഡൽഹിയിലെത്തി ചർച്ചയുടെ ഭാഗമായത് നിസാരമല്ലെന്ന് ഓർമിപ്പിക്കുകയാണ്. കോൺഗ്രസിൽ നിന്ന് കെ.സി വേണുഗോപാലും, എൻ.കെ പ്രേമചന്ദ്രനും, ഗൗരവ് ഗോഗോയ്, ഇമ്രാൻ മസൂദും, അമരീന്ദർ സിംഗ് രാജാ ബ്രാറും, ഹൈബി ഈഡനുമെല്ലാം ശക്തമായ അഭിപ്രായങ്ങൾ നടത്തിയത് പ്രതിപക്ഷ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു. ജനങ്ങളുടെ ശബ്ദം അവരുടെ പ്രതിനിധികളായി ഉന്നയിക്കാൻ നിയോഗിക്കപ്പെട്ടവർ യഥാവിധി ആ ഉത്തരവാദിത്വം നിർവഹിക്കപ്പെടാതിരിക്കുമ്പോൾ ഒരു ജനതയുടെ നാവാണ് കെട്ടിപ്പിണഞ്ഞുകിടക്കുക. മതത്തിന്റെയും ജാതിയുടെയും വർഗ്ഗത്തിന്റെയും പേരിൽ വെട്ടി മുറിക്കപ്പെടുന്ന മനുഷ്യജന്മങ്ങളുടെ വിലാപങ്ങൾ ചരിത്രത്തിൽ മാത്രമല്ല അയൽപക്കങ്ങളിലും ഇപ്പോഴും കേൾക്കാം പലയിടങ്ങളിലും. പക്ഷേ, അപ്പോഴും ഈ മൗനവും അസാനിധ്യവും ചർച്ച ചെയ്യപ്പെടാതിരിക്കാൻ കഴിയില്ല. അതിന് നിരത്തിയിരിക്കുന്ന ഇപ്പോഴത്തെ ന്യായീകരണങ്ങൾ വിശ്വാസ യോഗ്യമല്ലാത്തതിനാൽ വ്യക്തതയാർന്ന വിശദീകരണം അനിവാര്യമാണ്.