തട്ടിപ്പ് തൊപ്പിക്ക് പ്രമോഷൻ, സർക്കാരിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സി.ഐക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം
പി.ബാലചന്ദ്രൻ
തൃശൂർ (THRISSUR): സർക്കാരിനെ കബളിപ്പിച്ച് ലക്ഷങ്ങൾ അനധികൃതമായി കൈക്കലാക്കിയ സി.ഐക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രേമാനന്ദകൃഷ്ണനാണ് സ്ഥാനക്കയറ്റം നൽകാനൊരുങ്ങുന്നത്.
അനധികൃതമായി സർക്കാരിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതടക്കമുള്ള ആക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ച് ഇയാൾക്കെതിരെ അക്കൗണ്ടന്റ് ജനറലിന് പരാതി ലഭിച്ചു. ആഭ്യന്തരവകുപ്പ് സമിതി അംഗീകരിച്ച സ്ഥാനക്കയറ്റ പട്ടികയിൽ പ്രേമാനന്ദകൃഷ്ണനും ഉൾപ്പെട്ടിട്ടുണ്ട്.
ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സി.ഐ ചുമതലയിലിരിക്കെ വീട്ടുവാടക ബത്ത ഇനത്തിലാണ് ക്രമക്കേട് നടത്തിയും സർക്കാരിനെ കബളിപ്പിച്ചും ലക്ഷങ്ങൾ തട്ടിയത്. 2018 ഡിസംബർ മുതൽ 2024 ജനുവരിയുള്ള ആറ് വർഷത്തോളം വീട്ടുവാടക ബത്ത ഇനത്തിൽ 2,05,693 രൂപ പ്രേമാനന്ദകൃഷ്ണൻ സർക്കാരിനെ കബളിപ്പിച്ച് വാങ്ങി. പണം കൈപ്പറ്റിയതായി തൃശൂർ സിറ്റി പൊലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗം രേഖാമൂലം വിശദീകരിക്കുന്നു.
എന്നാൽ ഈ കാലയളവിൽ ഗുരുവായൂർ ദേവസ്വം ഗസ്റ്റ് ഹൗസിൽ പ്രേമാനന്ദകൃഷ്ണന് സൗജന്യമായി മുറിയനുവദിച്ചിരുന്നുവെന്ന് ദേവസ്വം രേഖാമൂലം മറുപടി നൽകുന്നു. ആധുനിക സൗകര്യങ്ങളുള്ള ദേവസ്വം ഗസ്റ്റ് ഹൗസിൽ സൗജന്യമായി താമസിച്ചാണ് സർക്കാരിൽ നിന്നും വൻതുക വീട്ടുവാടകയിനത്തിൽ കൈക്കലാക്കിയത്.
സർക്കാരുകൾ മാറുന്നതനുസരിച്ച് ഭരണപക്ഷക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും അടുപ്പക്കാരനായി മാറുന്നയാളാണ് പ്രേമാനന്ദകൃഷ്ണൻ. തങ്ങളുടേതല്ലാത്ത കാരണങ്ങൾക്ക് പോലും കീഴുദ്യോഗസ്ഥരെ പീഡിപ്പിക്കുകയും, അടിയന്തരാവശ്യങ്ങൾക്ക് പോലും കീഴുദ്യോഗസ്ഥർക്ക് അവധി നൽകാതെയും എങ്ങാനും അവധിയെടുത്താൽ അവരുടെ ഇൻക്രിമെന്റ് കട്ട് ചെയ്യുന്നതിൽ തുടങ്ങി കടുത്ത ശിക്ഷണ നടപടികളെടുക്കുന്നതുമാണ് ഇയാളുടെ ഹോബിയെന്നാണ് സഹപ്രവർത്തകരുടെ തന്നെ ആക്ഷേപം.
നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗൺമാനിൽ നിന്നും പ്രേമാനന്ദകൃഷ്ണന് മർദനമേൽക്കേണ്ടി വന്ന സംഭവമുണ്ടായിരുന്നു. അസുഖാവസ്ഥയിലുള്ള അമ്മയുടെ ചികിൽസക്കായി അവധി ചോദിച്ചത് അനുവദിക്കാത്തതിലെ കടുത്ത പ്രതിഷേധമായിരുന്നു അന്ന് അത്തരം അനിഷ്ട സംഭവത്തിന് കാരണമായത്.
പ്രേമാനന്ദകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങൾ വേറെയുമുണ്ടെന്നാണ് സഹപ്രവർത്തകർ തന്നെ ആരോപിക്കുന്നത്. എന്നാൽ ഉന്നതോദ്യോഗസ്ഥരുമായുള്ള അടുപ്പവും ഭരണക്കാരെ സ്വാധീനിച്ചും എതിർപ്പറിയിക്കുന്നവരെ കെണിയിലാക്കും. 63 സി.ഐമാരെയാണ് (ഒഴിവുകൾക്കനുസരിച്ച്) ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകുന്നതിന് വകുപ്പ്തല ഉദ്യോഗക്കയറ്റ സമിതിയുടെ (ഹയർ) ശിപാർശ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതിൽ എട്ടാമതായാണ് പ്രേമാനന്ദകൃഷ്ണൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
Highlights: TANINIRAM EXCLUSIVE, Move to promote CI who cheated government of lakhs to DySP