InternationalTop Stories

അമേരിക്കയുടെ പകര തീരുവ ഇന്ന് പ്രാബല്യത്തിൽ; ഇന്ത്യക്ക് 29%, ചൈനയ്ക്ക് 104%

വാഷിംഗ്ടൺ(Washington): ഇന്ത്യയടക്കം അറുപത് രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ഇന്ത്യയ്‌ക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്.

ചൈനക്കെതിരെ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നടപടി ഏറെ കടുപ്പം ഏർപ്പെടുത്തുന്നതാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്ക് 104 ശതമാനം വരെ തീരുവ ഉയർത്തിയിരിക്കുകയാണ്. ചില ഉൽപന്നങ്ങൾക്ക് ഇത് 125 ശതമാനമായി വരെ ഉയരും.

യുഎസ് ഉൽപന്നങ്ങൾക്ക് 34 ശതമാനത്തോളം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

ഇതിന് മുമ്പ് ചൈനയ്‌ക്കെതിരായി നിലവിലുണ്ടായിരുന്ന 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവും ചേർന്ന 54 ശതമാനത്തിലേക്ക് കൂടിയതിനു പുറമെ 50 ശതമാനം കൂടി പുതുതായി ചുമത്തിയിരിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കൻ വാഹനങ്ങൾക്ക് കാനഡ ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് പ്രാബല്യത്തിൽ വരും. തീരുവ ചർച്ചകൾക്കായി എണ്‍പതോളം രാജ്യങ്ങൾ അമേരിക്കയെ സമീപിച്ചിരിക്കുകയാണ്.

ജപ്പാനും ദക്ഷിണ കൊറിയയും ആദ്യ ചർച്ചയ്ക്കുള്ള ഭാഗമാവും. പുതിയ തീരുവ നടപടികൾ ആഗോള വിപണികളിൽ ആശങ്കയുണർത്തിയ പശ്ചാത്തലത്തിൽ അമേരിക്കൻ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു.

ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിൽ ക്ലോസ് ചെയ്തപ്പോൾ, നാസ്ഡാക് 335 പോയിന്റ് താഴെ എത്തി. എസ് ആൻഡ് പി 500 സൂചികയിൽ 80 പോയിന്റ് കുറഞ്ഞതും രേഖപ്പെടുത്തി. ട്രംപിന്റെ ആഗോള തീരുവ നിലപാടുകളോടുള്ള നിക്ഷേപകരുടെ ആശങ്ക തുടരുകയാണെന്ന് വിലയിരുത്തൽ.

Highlights: US Retaliatory Tariffs Take Effect Today; 29% on India, 104% on China

error: