Top StoriesKerala

വിധി ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നത്, രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവര്‍ണര്‍മാര്‍ക്ക്? ആര്‍ലേക്കര്‍ക്കെതിരെ എം.എ. ബേബി

ന്യൂഡൽഹി (New Delhi): സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ തള്ളിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിലപാടിനെ വിമര്‍ശിച്ച് സി.പി.ഐ.എം ദേശീയ സെക്രട്ടറി എം.എ. ബേബി. പ്രതീക്ഷ നല്‍കുന്ന സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു.

ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് രാജ്യത്തെ ഗവര്‍ണര്‍മാര്‍ കാണിക്കുന്നതെന്നും എം.എ. ബേബി ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നും ഗവര്‍ണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും എം.എ. ബേബി പറഞ്ഞു.

ഇന്നലെ ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളെ ചോദ്യം ചെയ്തുള്ള ആര്‍ലേക്കറുടെ നീക്കത്തെയാണ് എം.എ. ബേബി വിമര്‍ശിച്ചത്. സുപ്രീം കോടതി അധികാരപരിധി ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

ഭരണഘടന മാറ്റാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്നും പിന്നെ എന്തിനാണ് പാര്‍ലമെന്റും നിയമസഭകളും ഉള്ളതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ അധികാരപരിധി കടന്നുവെന്ന് പ്രതികരിച്ച ആര്‍ലേക്കര്‍, കേസ് ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നുവെന്നും പറഞ്ഞിരുന്നു.

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചുകൊണ്ടുള്ള കോടതിയുടെ നിര്‍ദേശങ്ങളാണ് ആര്‍ലേക്കര്‍ തള്ളിയത്. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

അഥവാ ബില്ലുകള്‍ പിടിച്ചുവെക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണങ്ങള്‍ വേണമെന്നും രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം ഭരണഘടനയുടെ 201-ാം വകുപ്പ് പ്രകാരം ബില്ലിലെ രാഷ്ട്രപതിയുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രസ്തുത നിയമം നിലവിലിരിക്കെയായിരുന്നു കോടതിയുടെ നിര്‍ദേശം.ഇതിനിടെ കോടതി വിധിയെ തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി രാഷ്ട്രപതിക്ക് റഫര്‍ ചെയ്ത 10 ബില്ലുകളും തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ പാസാക്കി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടേയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാക്കുന്നത്.

Highlights: MA Baby against Rajendra Arlekar

error: