സമൂഹമാധ്യമങ്ങൾ കൊലക്കൊല്ലികളാവരുത്
ഈ ലോകത്തിൻ്റെ നെറുകയിൽ വിജ്ഞാന വിസ്ഫോടനം സൃഷ്ടിച്ച വിസ്മയമാണ് നവ മാധ്യമങ്ങൾ. ഇൻ്റർനെറ്റിൻ്റെ അനന്തസാധ്യതകൾ ലോകത്തെ ഒരു വലയ്ക്കുള്ളിൽ ആക്കിയ അത്ഭുതപ്രതിഭാസമാണ് ഈ കണ്ടുപിടുത്തം. പൊതുജീവിതത്തെ കരുപ്പിടിപ്പിക്കാൻ വലിയ സാധ്യതകൾ തുറന്നിടുന്ന നവമാധ്യമ ലോകം മനുഷ്യ ജീവിതത്തിന്റെ സുഗമവും സുന്ദരവുമായ ആകാശത്തേയ്ക്ക് കണ്ടെത്തലുകളുടെ വാതായനം തുറന്ന് മാനവരാശിക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നൽകിയ ഏറ്റവും ഉജ്ജ്വലമായ ആയുധമായി സാമൂഹിക മാധ്യമങ്ങൾ രൂപാന്തരപ്പെട്ടു. ഏത് കാര്യത്തിലായാലും രണ്ട് അഭിപ്രായങ്ങളും പ്രായോഗിക രീതികളും ഉണ്ടെന്നതുപോലെ നവമാധ്യമങ്ങളിലും പുഴുക്കുത്തുകൾ കടന്നു കേറി അതിന്റെ സൗന്ദര്യത്തെയും ഗുണപരമായ സത്തയെയും ചോർത്തി കളയുന്നു. അസത്യങ്ങൾ, അക്രമവാസനകൾ, രാസ ലഹരിയുടെ ഉപയോഗം, അപരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മതസ്പർദ്ധയും വിഭജനവാദങ്ങളും ഉയർത്തൽ തുടങ്ങി, നാശമുഖമായ ഒട്ടേറെ അനാശാസ്യ പ്രവണതകളും ഇതോടൊപ്പം മുളച്ചു വരുന്നു. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഗായകൻ ജി. വേണുഗോപാൽ. ഗായകൻ മരിച്ചു എന്ന രീതിയിൽ വന്ന വ്യാജ പോസ്റ്റിനും അനുബന്ധ പ്രചാരണത്തിനുമെതിരെ രസകരവും വ്യത്യസ്തവുമായ നവ മാധ്യമ പോസ്റ്റിലൂടെയാണ് ഗായകൻ പ്രതികരിച്ചത്. ഒരു വർഷത്തിനുള്ളിൽ രണ്ടാമതും മരണം തേടിയെത്തിയ ഭാഗ്യവാൻ എന്നാണ് കുറിപ്പിൽ വേണുഗോപാൽ എഴുതിയത്. സമാനമായ അനുഭവം ദേശീയ-അന്തർദേശീയ തലത്തിൽ പ്രമുഖരായ നിരവധി വ്യക്തിത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തിൽ നടന്മാരായ മധു, വി.കെ. ശ്രീരാമൻ, സലിംകുമാർ നിരന്തര പ്രധാന ഇരകളാണ്. പ്രളയകാലത്തും മഹാവ്യാധിയിലും ജനങ്ങൾക്ക് സുരക്ഷിത കവചമായി പ്രവർത്തിച്ച പുതു മാധ്യമങ്ങൾ നിമിഷാർദ്ധം കൊണ്ട് ഒരാളുടെ അന്തകരാകുന്ന ഭയാനകമായ കാഴ്ചയാണ് നിരന്തരം ഇപ്പോൾ. ഇതിനെയെല്ലാം വിവേകപൂർവ്വം കൈകാര്യം ചെയ്യാനുള്ള ആർജ്ജവം ഉണ്ടാവണം. ഇല്ലെങ്കിൽ ഈ നേട്ടങ്ങളെയും മേന്മകളെയും ജനങ്ങളുടെ ഐക്യത്തെയും ഒറ്റ നിമിഷം കൊണ്ട് റദ്ദാക്കുന്നവസ്ഥയിലേക്ക് സമുഹം എടുത്തെറിയപ്പെടും. അത് ഉണ്ടാവാതിരിക്കാൻ ജാഗ്രതായി പ്രവർത്തിക്കുകയാണ് ഇന്നിൻ്റെ ആവശ്യം. ആ ബോധം അല്ലെങ്കിൽ തിരിച്ചറിവ് ഏറ്റവും കൂടുതൽ ഉൾക്കൊള്ളേണ്ടതും പ്രയോഗക തലത്തിൽ വരുത്തേണ്ടതും പൊതുജനത്തിനൊപ്പം തന്നെ സാമുഹ്യ മാധ്യമങ്ങളുടെ വക്താക്കളായ നാടിൻ്റെ യുവജനങ്ങളുടെയും മുഖ്യ കടമയാണ്