KeralaTop Stories

ലക്ഷ്യം എൽഡിഎഫ് 3.0, നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും. രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. രാവിലെ പതിനൊന്നിന് പടന്നക്കാട് ബേക്കൽ ക്ലബില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദവും ഉണ്ട്. അഞ്ഞൂറോളം പേര്‍ക്കാണ് ക്ഷണം.

മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യമിട്ടാണ് വിപുലമായ പ്രചാരണപരിപാടികൾ. വിഴിഞ്ഞവും ദേശീയപാത
വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോൾ സമരങ്ങളോടുള്ള എതിർപ്പും മാസപ്പടി കേസുമെല്ലാം സർക്കാർ നേരിടുന്ന വെല്ലുവിളികളാണ്. നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി കോടികളാണ് ചെലവാക്കുന്നത്.
മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെ രൂപയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം തവണയ്ക്കുള്ള മുന്നൊരുക്കം കൂടിയാണ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം. തുടര്‍ഭരണത്താല്‍ ഒമ്പതാം വര്‍ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ തന്നെയുണ്ട്. നവകേരളത്തിന്‍റെ വിജയമുദ്രകള്‍ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞ് പത്താംവര്‍ഷത്തിലേക്ക് കടക്കുന്നത്. നാലാംവാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത് കോടികളാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക.

ഇതിന് മാത്രം ചെലവ് 15 കോടിയിലേറെ. ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്തുലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്നുകോടി മുപ്പത് ലക്ഷം. റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ പരസ്യം നല്‍കാന്‍ ഒരു കോടി. ഇങ്ങനെ വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്നുകോടിയോളം രൂപയാണ് ചെലവാക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്റ്റാളിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ. ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷവും സാസ്കാരിക പരിപാടികള്‍ക്കായി 2 കോടി പത്തുലക്ഷവും ധനവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ധൂര്‍ത്തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശാലമായ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയാണ് പ്രതിരോധം. സംഘടനാ ശേഷിയും പ്രതിപക്ഷത്തെ തമ്മിലടിയും വഴി ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന കണക്കുകൂട്ടലിലാണ് സിപിഎം.

Highlights: Goal: LDF 3.0, fourth anniversary celebrations begin today

error: