Tourism

ഊട്ടിയെ കൈവിട്ട് സഞ്ചാരികള്‍…!! കോളടിച്ചത് തെക്കിന്റെ കാശ്‌മീരായ മൂന്നാറിന്

ഇടുക്കി: മധ്യവേനൽ അവധിക്കാലം ആഘോഷിക്കാൻ എങ്ങോട്ടാ എന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരമായിരുന്നു ഊട്ടിക്ക് വിടാം എന്ന്. കോടമഞ്ഞും തണുപ്പും തടാകവും പ്രകൃതിയും ആസ്വദിക്കാന്‍ സഞ്ചാരികൾ തിരഞ്ഞെടുത്തിരുന്ന പ്രധാന ടൂറിസം കേന്ദ്രമായിരുന്നു തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി. ഊട്ടി-കൊടൈക്കനാല്‍ ട്രിപ്പ് എന്നത് ടൂര്‍ പാക്കേജുകളിലും സ്ഥിരം ഇടവുമായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഈ അവധിക്കാലം ആഘോഷിക്കാന്‍ നീലഗിരി മലയുടെ റാണിയെ സഞ്ചാരികൾ ഉപേക്ഷിക്കുകയാണ്. പകരം തെക്കിന്‍റെ കാശ്‌മീരായ മൂന്നാറിനേയും പരിസര പ്രദേശങ്ങളെയുമാണ് വിനോദസഞ്ചാരികളും കുടുംബങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഇ-പാസ് നിർബന്ധമാക്കിയതോടെയാണ് ഊട്ടിയെ സഞ്ചാരികൾ പൂർണമായും കൈയൊഴിയാന്‍ കാരണം.

കോളടിച്ചത് ഇടുക്കിയെന്ന മിടുക്കിക്ക്

മഞ്ഞുമ്മൽ ബോയ്‌സ് സിനിമ വന്‍ ഹിറ്റായതോടെ കൊടൈക്കനാലിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിച്ചിരുന്നു. എന്നാൽ മധ്യവേനൽ അവധിക്കാലം ആരംഭിച്ചതോടെ കോടമഞ്ഞിനാൽ ചുറ്റപ്പെട്ട കൊടൈക്കനാലിലേക്കുള്ള യാത്രകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഊട്ടിയിൽ ഇ-പാസ് നിർബന്ധമാക്കിയതോടെ കോളടിച്ചത് ഇടുക്കിയുടെ വിനോദസഞ്ചാര മേഖലക്കാണ്. ഇടുക്കി ജില്ലയുടെ മലനിരകളും ഹൈറേഞ്ച് മേഖലയുമാണ് നിലവിലെ സഞ്ചാരികളുടെ മനം കവരുന്നത്.

ഈസ്റ്ററിന് പിന്നാലെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും സഞ്ചാരികളുടെ തിരക്ക് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അവധിക്കാലത്ത് മലകയറി എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. മലയാളി വിനോദ സഞ്ചാരികൾക്ക് പുറമെ കേരളത്തിന് പുറത്തു നിന്നുള്ള സഞ്ചാരികളെ കൊണ്ടും നിറഞ്ഞിരിക്കുകയാണ് മൂന്നാറും പരിസരപ്രദേശങ്ങളും. പകൽസമയം താപനില ഉയര്‍ന്നതാണെങ്കിലും രാത്രി കാലങ്ങളിലും പുലർച്ചെയുമുള്ള തണുപ്പും മഞ്ഞുമാണ് മൂന്നാറിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.

തുടർച്ചായി വേനൽ മഴ ലഭിച്ചതോടെ ഹരിത ഭംഗിക്ക് ഒപ്പം വെള്ളച്ചാട്ടങ്ങളും സജീവമായതും മൂന്നാറിനെ കൂടുതല്‍ നയനമനോഹരമാക്കിയിട്ടുണ്ട്. ചെങ്കുളവും മാട്ടുപ്പെട്ടിയുമടക്കമുള്ള ബോട്ടിങ് സെൻ്ററുകളിൽ തിരക്ക് വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിലേക്കും സഞ്ചാരികൾ കൂടുതലായി എത്തി തുടങ്ങി.
ഗ്യാപ്പ് റോഡ് വഴിയുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് യാത്രയെ സഞ്ചാരികള്‍ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. വാഗമൺ മൊട്ടക്കുന്നുകളും കൊളുക്കുമലയും രാമക്കൽമേടും ശ്രീനാരയണപുരവും കാൽവരി മൗണ്ടും എല്ലാം സഞ്ചാരികളാൽ നിറഞ്ഞു കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യാപാരികളും ഹോംസ്റ്റേ, റിസോർട്ട് നടത്തിപ്പുകാരും സഞ്ചാരികളുടെ തിരക്കേറുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Highlights: Tourists abandon Ooty! Call for Munnar, the Kashmir of the South

error: