ചരിത്ര വഴിയിലെ ഒറ്റയാൻ
മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വിഷം തീണ്ടാതെ ചരിത്രത്തിന്റെ സ്വാഭാവിക ജീവൻ കാത്തുരക്ഷിച്ച ചരിത്രാന്വേഷി ഇനി ഓർമ്മ. ഒമ്പതര പതിറ്റാണ്ടോളം നീണ്ട സാർത്ഥക ജീവിതത്തിന് വിരാമമിട്ട് ഡോ. എം.ജി.എസ് നാരായണൻ മലയാളത്തിന്റെ പടിയിറങ്ങി. ചരിത്ര അപനിർമ്മിതികളുടെ വർത്തമാനകാലത്ത് കേരളത്തിൻ്റെ ആത്മധൈര്യവും കരുത്തുമായിരുന്നു എം.ജി എസ്. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയാണ് എം.ജി.എസ് നാരായണൻ വിടവാങ്ങുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം ശ്രദ്ധേയം. എഴുത്തുകാരനായും അധ്യാപകനായും തിളങ്ങിയ അദ്ദേഹത്തിന്റെ ശൈലി തന്നെ വേറിട്ടാതായിരുന്നു. കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപന പരിചയത്തിൽ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങൾക്കും ഒരുകൂട്ടം തെളിവുകൾ നൽകിക്കൊണ്ട് സാധൂകരണം നൽകുന്ന അദ്ദേഹത്തിന്റെ രചനാശൈലി പിൽക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.
ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എം.ജി.എസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. യുവഗവേഷകരെ വാർത്തെടുക്കുന്നതിലും അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു. ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും വായനയ്ക്കും ഗവേഷണത്തിനും സാഹിത്യപ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തി. തന്റെ ബോധ്യങ്ങൾക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടികാണിക്കാറുമില്ല.
മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പൻ) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂർ കേരളവർമ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഇരുപത്തിയെട്ടാമത്തെ വയസ്സിൽ യു.ജി.സി ഫെലോഷിപ്പിൽ യൂണിവേഴ്സിറ്റിയിൽ ചരിത്രഗവേഷണം ആരംഭിച്ചു. ആധികാരികമായ പഠനവും ഗവേഷണവുമാണ് എം.ജി.എസ് അത്രത്തോളം ഉയർത്തിയത്. അതുകൊണ്ട് തന്നെ ഏത് ശക്തിക്കു മുന്നിൽ തൻ്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ കാണിച്ച ആർജ്ജവം അദ്ദേഹം സാംസ്കാരിക ബൗദ്ധിക മേഖലയിലെ വേറിട്ട മുഖമാക്കി. നിലപാടുകൾ നട്ടെല്ല് ഉയർത്തി പറയുക മാത്രമല്ല സ്ഥാനമാനങ്ങൾക്കോ അംഗീകാരങ്ങൾക്കോ വേണ്ടി അതിൽ ഒരിക്കലും ജീവിതാന്ത്യംവരെ വെള്ളം ചേർത്തില്ല.
ഇ.എം.എസിനെ ഒളിവിൽ പാർപ്പിച്ച ഡോ.എം.ജി.എസിനെ പിന്നീട് സംഘപരിവാർ അനുകൂലിയാക്കിയപ്പോഴും അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായില്ല. എനിക്ക് സംഘപരിവാറിനോട് യോജിപ്പില്ലെന്ന് തുറന്ന് തന്നെ പറഞ്ഞു. ചെറുപ്പക്കാരായ ഞങ്ങൾക്ക് ഇ.എം.എസിനോട് വിയോജിക്കാനും സംവദിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നതായും ഇ.എം.എസ് തന്നെ അത് പ്രോൽസാഹിപ്പിച്ചിരുന്നതായും എം.ജി.എസ് തന്നെ പലപ്പോഴും പറഞ്ഞു. യോജിപ്പുകളും വിയോജിപ്പുകളും ജനാധിപത്യപരമായി സംവദിക്കാൻ കഴിഞ്ഞിരുന്നൊരു വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം അനുസ്മരിക്കപ്പെടേണ്ടത്. വിയോജിക്കേണ്ടവയോട് കാര്യകാരണം പറഞ്ഞ് വിയോജിക്കാനും യോജിക്കേണ്ടവയോട് അതേനിലയിൽ യോജിക്കാനും അത് പരസ്യമായി പ്രകടിപ്പിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.
പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളം എന്ന സങ്കൽപ്പത്തെ വസ്തുതകൾ നിരത്തി പൊളിച്ചെഴുതി ചരിത്രത്തിൻ്റെ പാരമ്പര്യ സങ്കൽപ്പങ്ങൾ തിരുത്തിയ തിരുത്തൽ വാദിയാണ് എം.ജി.എസ്. കേരളം കണ്ടെത്തിയ ആൾ എന്ന വിശേഷണമാക്കൂ എം.ജി.എസ് മൂന്നക്ഷരത്തിനു മുന്നിൽ സമർപ്പിക്കാൻ കഴിയുന്ന തിലാഞ്ജലി. ഭാഷയോടും സാഹിത്യത്തിനോടും നാടിനോടും വലിയ അടുപ്പവും ബന്ധവും നിലനിൽക്കുമ്പോഴും മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നൽകേണ്ടതില്ലെന്ന അഭിപ്രായക്കാരനായിരുന്നു എം.ജി.എസ്. അതിന് അതിൻ്റേതായ ന്യായങ്ങൾ നിരത്തി ചരിത്ര വഴിയിലെ ഒറ്റയാൻ.
കാലത്തിൻ്റെ കടവിൽ ചരിത്രം പുനർ വായനയ്ക്കൊരുങ്ങുമ്പോൾ അതിൽ നിന്ന് സുപ്രധാന പേജ് വിട്ട് പിരിയുന്നു… എം.ജി.എസിന് ആദരാഞ്ജലി..