Editorial

സ്റ്റാർട്ട് ആക്ഷൻ ലഹരി കട്ട്

സിനിമ മേഖലയിലെ രാസലഹരി ഉപയോഗത്തിന്റെ വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ സംവിധായകരാണ് ഞായറാഴ്ച പുലർച്ചെ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 16 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി കോസ്ട്രി പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ച രണ്ടുമണിക്ക് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ലഹരി കൈമാറ്റവും ഉപയോഗവും കണ്ടെത്തി ന്യൂജനറേഷൻ താരങ്ങളായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും അറസ്റ്റിലാകുന്നത്. ആലപ്പുഴ സ്വദേശി തസ്‌ലീമയാണ് ഇവർക്ക് ആവശ്യമായ തോതിൽ രാസ ലഹരി എത്തിച്ചു നൽകിയതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. കേസ് നടപടികളുടെ ഭാഗമായി എറണാകുളം നോർത്ത് ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു ഷൈൻ ടോം ചാക്കോ.
പുലർച്ചെ മൂന്ന് മണിക്ക് സിനിമയുടെ നിർമ്മാതാവിനെ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ട വ്യക്തിയാണ് ശ്രീനാഥ് ഭാസി. സിനിമ സെറ്റുകളിൽ പരസ്യമായി ലഹരി ഉപയോഗം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുമ്പെ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. അതിനനുസൃതമായി പൊലീസും എക്സൈസും നടപടികൾ ആരംഭിച്ചതിന്റെ ഫലമായാണ് ഇപ്പോൾ പുറത്തുവരുന്ന കേസുകൾ. പക്ഷേ ഇതെല്ലാം മഞ്ഞു മലയുടെ ഒരറ്റം മാത്രമേ ആകുന്നുള്ളൂ.
ഇത്തരം സാമൂഹിക വിപത്തുകളിൽ നിന്ന് നാടിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തമുള്ള മേഖലകളിൽ ഒന്നാണ് സിനിമ, അവിടെ നിന്നു തന്നെ ഗുരുതരവും ആശങ്കാജനകവുമായ സംഭവങ്ങൾ പുറത്തുവരുമ്പോൾ സമൂഹം ഒന്നാകെ വലിയ ആശങ്കയിലാണ്. യുവതലമുറ ഏറ്റവും കൂടുതൽ വ്യക്തിജീവിതത്തിൽ മാതൃകയാക്കുന്നത് സിനിമാതാരങ്ങളെയും കായിക താരങ്ങളെയുമാണ്. സമീപകാലത്തായി പുറത്തിറങ്ങുന്ന മിക്ക ന്യൂ ജനറേഷൻ സിനിമകളും അക്രമത്തെയും രാസ ലഹരി ഉപയോഗത്തെയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സിനിമകളിലെ താരങ്ങൾ ലഹരിക്ക് അഡിക്ടഡ് ആയിട്ടുള്ള കഥാപാത്രങ്ങളായാണ് തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായും സിനിമകളുടെ നിരന്തര പ്രേക്ഷകരാകുന്ന ജനവിഭാഗത്തെ, അവരുടെ മനോനിലയെ, ചിന്തകളെ, കാഴ്ചപ്പാടുകളെ വലിയൊരു അളവിൽ സ്വാധീനിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്.
സിനിമാ മേഖലകളിൽ ഉൾപ്പെടെ പൊതു പൗരാവലിയുടെ പരിച്ഛേദങ്ങളായ ഇടങ്ങളിൽ ലഹരി ഉപയോഗം കർശനമായി നിരോധിക്കുന്നതിനും അമർച്ച ചെയ്യുന്നതിനും ആയി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും വാക്കുകളിലെ ആത്മാർത്ഥത പ്രവർത്തിയിൽ പ്രതിഫലിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. സിനിമകളിലെ പാക്കപ്പ് പാർട്ടികൾ ലഹരിയുടെ ആറാട്ട് കേന്ദ്രങ്ങളായി മാറുന്നുണ്ട്.
സിനിമാ സെറ്റുകളിൽ കൃത്യമായ ഇടവേളകൾക്ക് അനുസരിച്ച് പറയുന്ന ബ്രാൻഡുകളിലും അളവുകളിലും ദേശത്തുനിന്നും വിദേശത്തുനിന്നും ലോഡ് എത്തിച്ചു കൊടുക്കുന്ന സംഘങ്ങൾ ഉണ്ടെന്നും താരങ്ങൾ പ്രത്യേകിച്ച് യുവ താരങ്ങൾ സ്റ്റെറ്റിലെ കാരവനിൽ ലഹരി സൂക്ഷിക്കുന്നതായും ഉപയോഗിക്കുന്നതായും മദ്യപിച്ചു മയക്കു മരുന്ന് എടുത്തുമാണ് ക്യാമറയ്ക്കു മുന്നിലും പ്രത്യേകിച്ച് സ്ത്രീ താരങ്ങളോടൊപ്പാമുള്ള സീനുകൾ അഭിനയിക്കാൻ വരുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ നടി വിൻസി അലോഷ്യസ് തന്നോട് ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയതിനെക്കുറിച്ച് പൊലീസിനും ഫെഫ്ക, അമ്മ സംഘടനകൾക്കും പരാതി നൽകി. പരാതിയിൽ നടൻ്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. സെറ്റിൽ വെച്ച് നടൻ വെള്ളപ്പൊടി തുപ്പിയതായി നടി പരാതിയിൽ സൂചിപ്പിട്ടുണ്ട്.
ഒന്നോ രണ്ടോ വ്യക്തികളിൽ മാത്രമല്ല ഈ ചങ്ങലയുടെ കണ്ണി, അറ്റമില്ലാതെയുണ്ടെന്ന് വ്യക്തം. അഭിനയവും നാടകവും ലഹരിയായി ആവേശവും ആരവവുമായി മാറിയിടത്താണ് രാസ ലഹരി അടക്കിഭരിക്കുന്നത്. ഇത് ഇന്നോ ഇന്നലെയോ പൊട്ടി മുളച്ചതല്ല. വർഷങ്ങൾക്ക് മുമ്പ് നടന്മാരടക്കം ഉൾപ്പെടെ സംഘം കൊച്ചിയിൽ പിടിയിലായ കേസുകളും ഉണ്ട്.
സിനിമ മേഖല സമ്പൂർണ്ണമായി ലഹരിയ്ക്ക് അടിമകളാണെന്ന് സിനിമ പ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറച്ചു നാൾ പിന്നിലേയ്ക്ക് പോകുമ്പോൾ നടൻ ടിനി ടോം തൻ്റെ മകന് സിനിമയിൽ നല്ലൊരു അവസരം കൈവന്നിട്ടും ആ രംഗത്തേക്ക് വിടാതിരുന്നത് സിനിമയിലെ ലഹരി ഉപയോഗം പേടിച്ചാണെന്ന് തുറന്നടിക്കുകയുണ്ടായി. സിനിമ സെറ്റുകളിലെ കൊള്ളരുതായ്മകളെയും ചൂഷണങ്ങളെയും നിയന്ത്രിക്കാനും കണ്ടെത്താനും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലഹരി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ, സി. എസ് സുധ എന്നിവരുടെ ബെഞ്ച് പോലീസ് സംഘത്തെ നിയോഗിച്ചു. സിനിമയിലെ സാങ്കേതിക പ്രവർത്തകരെയും സംവിധായകരെയും ചേർത്ത് 7 അംഗ സമിതിയ്ക്ക് മാർച്ച് 26 ന് ഫെഫ്ക യോഗം അംഗീകാരം നൽകി.
എല്ലാ അഴുക്കുകളെയും തുടച്ചുമാറ്റി സമ്പൂർണ്ണമായ ശുദ്ധികലശത്തിന് സിനിമയെ വിധേയമാക്കുകയും സർക്കാരും എ.എം.എം.എ, ഫെഫ്ക സംഘടനകളും കൂട്ടായ പരിശ്രമത്തിലൂടെയും അറുതി വരുത്തി അറുത്തു മാറ്റി നമ്മുടെ നല്ല സിനിമയെ, സിനിമയെന്ന തൊഴിലിടത്തെ, നമ്മു‌ടെ സംസ്കാരത്തെ വീണ്ടെടുക്കണം.

error: