Editorial

മിന്നുന്നതൊന്നും പൊന്നല്ല

വേട്ടയാടപ്പെടുന്നവരുടെ ശബ്ദമായി സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളെ റാപ്പ് സോങ്ങിലൂടെ അവതരിപ്പിച്ച യുവതയുടെ ആവേശവും വേദികളിലെ തരംഗവുമായ ഗായകനാണ് വേടൻ എന്ന ഹിരൺ ദാസ് മുരളി. ഞായറാഴ്ച്ച രാത്രിയാണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസും എക്സൈസും ഗായകൻ്റെ തൃപ്പുണിത്തുറയിലെ ഫ്ളാറ്റിലെത്തി പരിശോധന നടത്തിയത്. ഈ സമയം പരിപാടി കഴിഞ്ഞ് വേടനും സുഹൃത്തുക്കളുമടക്കം ഒമ്പത് പേരെടങ്ങുന്ന സംഘം ഫ്ളാറ്റിലുണ്ടായിരുന്നു.
റെയ്ഡ് നടക്കുമ്പോൾ ഇവർ ലഹരി ഉപയോഗിച്ചിരുന്നു. ഫ്ളാറ്റിലെ പരിശോധനയിൽ മുറിയിലെ മേശയിൽ നിന്നാണ് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. താൻ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് വേടൻ പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും തുറന്ന് പറഞ്ഞു.
25-ാം വയസ്സിൽ വോയ്സ് ഓഫ് വോയ്സ് ലൈസ്സ് എന്ന ആദ്യ വീഡിയോയിലൂടെയാണ് വേടൻ റാപ്പ് സോങ് മേഖലയിൽ തുടക്കമിടുന്നത്. തുടർന്ന് വലിയ ജനപിന്തുണ ലഭിച്ചു. യുവജനങ്ങളും പുതിയ തലമുറയിലെ കുട്ടികളുമാണ് വേടൻ റാപ്പ്സിൻ്റെ സ്ഥിരം പ്രേക്ഷകർ. ദളിത് ചിത്ര രചനയുടെ രീതിശാസ്ത്രം സമന്വയിപ്പിച്ച് സാധാരണക്കാരൻ്റെ കഥകൾ പറഞ്ഞ്, ഏത് വേദിയിലെത്തിയാലും ഞാൻ വേടൻ റാപ്പ് സിംഗറാണെന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്നതാണ് ശൈലി.
രാജ്യത്തിൻ്റെ ജാതി രാഷ്ട്രീയവും മനുഷ്യനെ ജാതിയുടെയും മതത്തിൻ്റെ വർണ്ണത്തിൻ്റെയും വർഗത്തിൻ്റെയും പേരിൽ പല തട്ടുകളിലാക്കുന്നതിനുമെതിരെ കടുത്ത വിമർശനങ്ങളാണ് റാപ്പിലൂടെ വേടൻ കൊളുത്തി വിട്ടത്. തൻ്റെ മുന്നിൽ ആരാധകരോട് പൊളിറ്റിക്കൽ ആകണമെന്നും സമുഹത്തിൻ്റെ ഗതിവിഗതികളെ നിരീക്ഷിക്കണമെന്നും പറഞ്ഞ് പോസിറ്റീവ് വോയ്സായ വ്യക്തി.
ഏതാനും ദിവസങ്ങൾക്കു മുമ്പ് തൃശൂർ കഴിമ്പ്രം ബീച്ചിൽ നടന്ന പരിപാടിയിൽ സിന്തറ്റിക് ലഹരിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയും ഒട്ടനവധി വിദ്യാർത്ഥികളും യുത്തും അത് സോഷ്യൽ മീഡിയ സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്തിട്ട് ചൂടാറുന്നതേയുള്ളൂ.. ‘ഞാൻ അനുഭവം കൊണ്ട് പറയുകയാണ് മക്കളേ… സിന്താറ്റിക് ഡ്രഗ് 10 പെർ അടിച്ചു കഴിഞ്ഞാൽ ചത്തു പോവും…. അത് ചെകുത്താനാണ് അവനെ ഒഴിവാക്കുക…. ദയവു ചെയ്ത് പ്ലീസ്, എത്ര അമ്മയും അപ്പനുമാണെന്നോ എൻ്റെയടുത്ത് വന്ന് കാലുപിടിക്കുന്നത് മക്കളെ ഇതൊന്ന് പറഞ്ഞു മനസ്സിലാക്കാൻ… എനിക്കിത് പറയേണ്ട ആവശ്യമില്ല പക്ഷേ, ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ….
ഇങ്ങനെയെല്ലാം ഉത്തരവാദിത്വത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും സംസാരിച്ച് ഒരാളാണ് ഇന്ന് കുറ്റരോപിതനായി കളങ്കിതനായി നിയമത്തിനു മുന്നിൽ നിൽക്കുന്നത്.
സർക്കാർ പരിപാടികളിൽ സ്ഥിരം സന്നിധ്യമായിരുന്നു വേടൻ, ഇടുക്കിയിൽ സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സർക്കാർ പരിപാടി കൊടുത്തിരുന്നു. വിവാദങ്ങളുടെയും അറസ്റ്റിൻ്റെയും പശ്ചാത്തലത്തിൽ സർക്കാർ വൃത്തങ്ങൾ പരിപാടി ഒഴിവാക്കി. അറസ്റ്റിനു പിറകെ ഒന്നിനൊന്നായി മുഖംമുടികൾ അഴിഞ്ഞു വീഴുകയാണ്. കുറച്ചു നാളുകൾക്കു മുമ്പ് മീറ്റു ആരോപണത്തിനു ഗായകൻ വിധേയനായിരുന്നു. വുമൺ എഗെയ്ൻസ് ഓഫ് വുമൺ സെക്ഷ്വൽ ഹറാസ്മെൻ്റ് എന്ന കൂട്ടായ്മ വഴിയാണ് ഏതാനും സ്ത്രീകൾ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. മദ്യപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നും ആരോപണം.
അറസ്റ്റും, അനന്തരം നടത്തിയ പരിശോധനയിൽ കഴുത്തിൽ ധരിച്ച മാലയിലെ പുലിപ്പല്ല് കുരുക്കിയായി മാറിയിട്ടുണ്ട്. വനം വകുപ്പ് അറസ്റ്റ് ചെയ്യാൻ സാധ്യതകൾ ഉണ്ട്. വന്യ മൃഗങ്ങളുടെ പല്ല്, നഖം എന്നിവ സൂക്ഷിക്കുന്നതിന് മാനദണ്ഡങ്ങൾ ഉണ്ടെന്നിരിക്കെ നിയമ നടപടികൾ ഗുരുതരമാക്കുമെന്ന് ഉറപ്പ്. മഹാന്മാരെയും മലകളെയും അടുത്ത് നിന്ന് കാണരുത് അകലെ നിന്ന് കാണണം അതിനാണ് ഭംഗി എന്ന പഴഞ്ചൊല്ലിന് പതിരില്ലെന്ന് ബോധ്യമായി. മാന്യതയുടെ മുഖംമൂടികൾ അഴിഞ്ഞു വീഴുകയാണ്.
സിനിമ മേഖലയിൽ മാത്രമല്ല എല്ലായിടങ്ങളിലും പരിശോധന കർശനമാക്കണം. ഞായറാഴ്ച പുലർച്ചെ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അറസ്റ്റിലായി മണിക്കൂറുകൾ പൂർത്തിയാക്കും മുമ്പേയാണ് വേടൻ അഴിക്കുള്ളിൽ ആകുന്നത്. ആലപ്പുഴ കഞ്ചാവ് കേസിൽ നടന്മരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും മൊഴി നൽകിയതും ചോദ്യം ചെയ്യലിന് വിധേയമായതും തിങ്കളാഴ്ച്ച പകലാണ്. മിന്നുന്നതൊന്നും പൊന്നല്ലായെന്ന് വ്യക്തമാക്കുകയാണ് സമകാലിക സംഭവങ്ങൾ. ജാഗ്രതയുടെ കൃത്യതയാർന്ന ഏകോപനത്തിലൂടെ മാരകമായ ലഹരിയുടെ മനുഷ്യ ചങ്ങലയെ ഖണ്ഡിക്കണം

error: