National

കോയമ്പേട് – പട്ടാഭിരാം മെട്രോക്ക് പച്ചക്കൊടി; പദ്ധതി അംഗീകരിച്ച് തമിഴ്നാട്

ചെന്നൈ (Chennai): കോയമ്പേട് മുതൽ പട്ടാഭിരാം വരെയുള്ള മെട്രോ റെയിൽ പദ്ധതിക്ക് തമിഴ്‌നാട് സർക്കാരിൻ്റെ അംഗീകാരം. ചെന്നൈയിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷ നൽകിയ മെട്രോ പദ്ധതിയായിരുന്നു ഇത്. ഈ മെട്രോ റെയിൽ പാതയുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട്, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സർക്കാർ പദ്ധതി അംഗീകരിച്ചത്. 21.76 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആകെ 19 റെയിൽവേ സ്റ്റേഷനുകളാണ് നിർമിക്കാനുള്ളത്. കോയമ്പേട് മുതൽ പട്ടാഭിരാം ഔട്ടർ റിങ് റോഡ് വരെയാണ് ഈ മെട്രോ പാത.

ഏകദേശം 9,744 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. ഈ പാതയിൽ മൂന്ന് പുതിയ ഫ്ലൈഓവറുകൾ നിർമ്മിക്കുമെന്നും തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ജിഒയിൽ പറയുന്നു. കോയമ്പേട് മുതൽ പടിപുത്തുനഗർ, മുക്കപ്പർ, അമ്പത്തൂർ, തിരുമുള്ളൈവയൽ, ആവഡി വഴി പട്ടാഭിരാമത്ത് എത്തുന്ന രീതിയിലാണ് പാത.

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയിൽ മാധവരം – സിപ്കോട്ട് 2, ലൈറ്റ്ഹൗസ് – പൂനമല്ലി ബസ് സ്റ്റാൻഡ്, മാധവരം – ഷോലിംഗനല്ലൂർ എന്നീ മൂന്ന് റൂട്ടുകളിൽ നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ, ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ വിപുലീകരണമായി കോയമ്പേട്-പട്ടാഭിരാം ഔട്ടർ റിങ് റോഡ് വരെ പുതിയ മെട്രോ റെയിൽ പാത നിർമിക്കുന്നതിന് തമിഴ്‌നാട് സർക്കാർ അംഗീകാരം നൽകിയത് ശ്രദ്ധേയമാണ്.

Highlights: Koyambedu-Pattabhiram Metro gets green signal; Tamil Nadu approves project

error: