Editorial

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ച ഗൗരവകരം

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീ പിടിത്തവും അഞ്ചോളം പേർ മരണപ്പെട്ടതും ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്. അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് കാരണമായി പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി 7.40 ഓടുകൂടിയായിരുന്നു സംഭവം. ഇതേസമയം ആശുപത്രിയിലെ വെന്റിലേറ്ററിൽ 16 രോഗികളും അത്യാഹിത വിഭാഗത്തിൽ 60ലേറെ രോഗികളും ഉണ്ടായിരുന്നു. പുക ഉയർന്നു തുടങ്ങിയപ്പോൾ രോഗികളുടെ കൂടെ നിൽക്കുന്നവരെയടക്കം പരമാവധി ആളുകളെ മാറ്റാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചു. അതിനിടിയിൽ തീ വ്യാപകമായി പടർന്നത് രോഗികളിൽ പലർക്കും പ്രത്യേകിച്ച് മരണപ്പെട്ട 5 രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇതിനിടയിൽ വ്യാപകമായ പുകയിൽ ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്ന ആക്ഷേപമുയർന്നുവെങ്കിലും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുക ശ്വസിച്ചതല്ല കാരണമെന്നാണ് കണ്ടെത്തിയത്.
തീപിടിത്തമുണ്ടായതിനാൽ ആശുപത്രിയിലെ മറ്റ് രോഗികളെ കോഴിക്കോട്ടെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കാണ് മാറ്റിയിരിക്കുന്നത്. അവരോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്നതായി ബന്ധുകൾ പ്രതിസന്ധി പങ്കുവെയ്ക്കുന്നുണ്ട്. ജില്ലാ ഭരണകൂടവും സർക്കാരും എത്രയും പെട്ടെന്ന് തന്നെ ഇടപ്പെട്ട് എല്ലാവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ പ്രഖ്യാപനങ്ങളല്ല, ഗൗരവകരമാണ് വിഷയം.
യാതൊരു ഗത്യന്തരമില്ലാതെയാണ് പാവപ്പെട്ടവരും അതിസാധാരണക്കാരുമായ ജനങ്ങൾ മെച്ചപ്പെട്ട ചികിത്സ തേടി മെഡിക്കൽ കോളേജിൻ്റെ പടികൾ കയറുന്നത്. അവിടെ അപ്രതീക്ഷിതമായ പ്രതിബന്ധം ഉണ്ടാകുമ്പോൾ മറ്റൊരു ഇരുട്ടടിയായി മാറാൻ പാടില്ല. ലോകത്ത് എവിടെയാണെങ്കിലും അതീവ സുരക്ഷിതമായ ഇടങ്ങൾ ഏതാണ് എന്ന ചോദ്യത്തിന് ആരും കണ്ണ് അടച്ച് പറയുന്ന ഉത്തരമാണ് ആശുപത്രികൾ. അവിടെ ഇത്തരമൊരു ദുരന്തം ഉണ്ടാകുമ്പോഴുണ്ടാക്കുന്ന സങ്കടവും ഭയവും വാക്കുകൾക്കതീതമാണ്.
സ്വന്തം ജീവൻ സ്വയം അവർ സമർപ്പിക്കുന്നയിടങ്ങളാണ് ആശുപത്രികൾ. അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അപര്യാപ്തതകളും സാങ്കേതികമായ തടസങ്ങളും അപകടങ്ങളും എല്ലാത്തരം ന്യൂതനമായ സംവിധാനങ്ങളും നിലനിൽക്കുന്ന വർത്തമാനക്കാലത്ത് ഇത്തരത്തിൽ ഉണ്ടാകുന്നത് നാടിന് അപമാനകരമാണ്.
ലോകത്തിനു പോലും മാതൃകയായ ആരോഗ്യ സംവിധാനത്തിന്റെ പ്രതീകമാണ് കേരളം. നിപ്പയും കോവിഡും ഉൾപ്പെടെയുള്ള മഹാമാരികളെ ആത്മധൈര്യത്തോടെ തന്നെ നേരിട്ട് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജനലക്ഷങ്ങളുടെ ജീവനും ജീവിതത്തിനും കാവൽ നിന്ന കരുത്തുറ്റ ആരോഗ്യ പ്രവർത്തകരാണ് കേരളത്തിന്റെ അഭിമാനം. പക്ഷേ, ജീവൻ രക്ഷാ മരുന്നുകളുടെ അഭാവവും, പ്രധാനപ്പെട്ട ആശുപത്രികളിൽ ഓപ്പറേഷൻ യൂണിറ്റുകളിൽ അടക്കം അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഉൾപ്പെടെ പ്രസ്ഥാനം ഇന്നോളം കൈവരിച്ചിട്ടുള്ള അഭിമാനാർഹമായ നേട്ടങ്ങൾക്ക് മേലുള്ള കരിനിഴലാണ്. ഒരു സംസ്ഥാനത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ വളർച്ച എന്ന് പറയുന്നത്, നിർണയിക്കുന്നത് അവിടുത്തെ പൗരന്മാരുടെ ആരോഗ്യസ്ഥിതിയും അവരെ പരിപാലിക്കുന്ന ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഗുണമേന്മയിലുമാണ്.
ആയുർദൈർഘ്യം കൂടുതലുള്ള ശിശുമരണ നിരക്ക് കുറവുള്ള പോഷകാഹാരം ലഭിക്കാത്ത ഒരാൾ പോലും ഇല്ലാത്ത സംസ്ഥാനം എന്നിങ്ങനെയുള്ള ചിരകാല റെക്കോർഡുകളുടെ പ്രൗഢിയിൽ ഗൗരവകരമായ സുരക്ഷ വീഴ്ചകൾ ഇനി ആവർത്തിക്കരുത്.

error: