പഹൽഗാമിലെ ഭീകരാക്രമണം; ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ, സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി ( New Delhi): പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു. അനന്ത്നാഗ് മേഖലയിൽ ആണ് സൈന്യം തെരച്ചിൽ നടത്തുന്നത്. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുകയാണ്. പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യൻ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. അതേസമയം നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാക്ദർ വ്യക്തമാക്കി.
Highlights: Terror attack in Pahalgam; Search for terrorists continues on the 14th day, security tightened.