National

റാഫേൽ ഗർജ്ജിച്ചു, സ്കാൽപ്-ഹാമ്മർ പതിച്ചു; പാക്കിലെ ഭീകരതാവളങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വീണ്ടും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സേന ആക്രമണം നടത്തിയെന്നും ഇതിനായി റാഫേൽ യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്ത സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണ് പ്രധാനമായും ഉപയോഗിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ വ്യോമമേഖലയിൽ നിന്നുകൊണ്ട്, നാവികസേനയുടെ പിന്തുണയോടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. പുലർച്ചെ 1.44-ന് ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ വഴി പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

റാഫേലിൽ നിന്ന് തൊടുക്കുന്ന സബ്‌സോണിക്ക് വിഭാഗത്തിൽപ്പെട്ട സ്കാൽപ് മിസൈലുകൾക്ക് 450 കിലോ പോര്‍മുന വഹിക്കാനും 300 കിലോമീറ്റര്‍ ദൂരം വരെ പ്രഹരിക്കാനും ശേഷിയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങളെയും ഇവയ്ക്ക് തകർക്കാൻ സാധിക്കും. പോർവിമാനങ്ങളിൽനിന്ന് തൊടുത്തുകഴിഞ്ഞാൽ പിന്നീട് നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയാത്ത ‘ഫയർ ആൻഡ് ഫൊർഗെറ്റ്’ വിഭാഗത്തിലുള്ള ഇവ പ്രധാനമായും കമാൻഡ് സെന്ററുകൾ, എയർഫീൽഡുകൾ തുടങ്ങിയവ തകർക്കാനാണ് ഉപയോഗിക്കുന്നത്.

Highlights: Rafale roared, Scalp-Hammer struck; India destroyed terrorist bases in Pakistan

error: