കൂടപ്പിറപ്പുകളുടെ ചോരയ്ക്ക് പിറന്ന നാടിന്റെ മറുപടി
പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളുടെ ചോരയ്ക്ക് നമ്മുടെ സൈന്യം വീരോചിതമായ മറുപടി തന്നെ നൽകി. പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ബുധനാഴ്ച പുലർച്ചെ 1. 44 നടന്ന ഇന്ത്യയുടെ ചരിത്രപരമായ ഓപ്പറേഷൻ സിന്ദൂർ എന്ന നാമകരണം ചെയ്യപ്പെട്ട സൈനിക നീക്കത്തിലൂടെ തകർക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനങ്ങളുടെ സമാധാന ജീവിതത്തിനും കനത്ത വെല്ലുവിളി ഉയർത്തിയ പാക്കിസ്ഥാൻ സ്പോൺസേർഡ് ഭീകരവാദത്തിനെതിരായ നമ്മുടെ നാടിന്റെ അതിശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.
ജീവിതത്തിലെ ഏറ്റവും സുന്ദരവും ആഹ്ലാദകരവും ഓർമ്മിക്കാൻ എന്നും മനസ്സിൽ സൂക്ഷിക്കാവുന്നതുമായ നിമിഷങ്ങൾക്കായി കുടുംബാംഗങ്ങളുമൊക്കെ പ്രിയപ്പെട്ടവരുമൊത്ത് ഈ ഭൂമിയിലെ ഏറ്റവും വലിയ സ്വർഗ്ഗം എന്നറിയപ്പെടുന്ന ജമ്മു കാശ്മീരിന്റെ പഹൽഗാം താഴ്വരയിൽ വിനോദസഞ്ചാരത്തിന് എത്തിയ സ്വദേശികളും വിദേശികളുമായ 26 പേരുടെ മനുഷ്യ ജീവനാണ് അതിക്രൂരമായി പൈശാചികമായി അതും മതത്തിന്റെ പേരുകൾ തിരഞ്ഞ് നിഷ്ക്കരുണം ഭീകരവാദികൾ ഇല്ലാതാക്കിയത്. അന്ന് രാജ്യം ഒന്നടങ്കം ആഗ്രഹിക്കുകയും പറയുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു ഈ നിമിഷത്തിനായി. രാജ്യത്തിന്റെ പ്രധാനമന്ത്രി അന്ന് തന്നെ 145 കോടി ഭാരതീയർക്ക് ഉറപ്പു കൊടുത്തിരുന്നു കൃത്യവും വ്യക്തവും ആധികാരികവുമായ പദ്ധതി തയ്യാറാക്കി ഇന്ത്യ തിരിച്ചടിക്കുമെന്ന്.
ജീവൻ വെടിഞ്ഞ നമ്മുടെ സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുമെന്ന്. ഇതാ രാജ്യം ഒന്നടങ്കം ആത്മഹർഷത്തോടെ ഉള്ളിലൊരിയുന്ന സങ്കടത്തിന്റെ അഭിവാദ്യം ചെയ്യുന്നു ഏറ്റു പറയുന്നു ജയ്ഹിന്ദ് ജയ് ജവാൻ.. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷിതത്വത്തിന് കനത്ത വെല്ലുവിളിയാണ് കാലാകാലങ്ങളായി പാക്കിസ്ഥാൻ ഉയർത്തി കൊണ്ടിരിക്കുന്നത്. സമാനതകളില്ലാത്ത ഇന്ത്യ വിരുദ്ധ വികാരത്തിന്റെ ഫാക്ടറി ആണോ അവിടെനിന്ന് പാക്കിസ്ഥാനിൽ ഭരണത്തിന് നേതൃത്വം നൽകുന്നവരിൽ നിന്നും അവിടുത്തെ സൈനിക മേധാവികളിൽ നിന്നും കേൾക്കുന്ന ഇന്ത്യ വിരുദ്ധതയുടെ വാക്കുകളിൽ നിന്ന് ചോദ്യം ഉയരാറുണ്ട്.
റഫാൽ യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിട്ട സ്കാൽബി മിസൈലുകളും ഹമ്മർ ബോംബുകളും പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ അടി വേരുകളാണ് പിഴുതെറിഞ്ഞത്. ലോകസമാധാനത്തിന്റെ നെറുകയിൽ കസേര ഇട്ടിരുന്ന് ഭീകരവാദത്തിന് വെള്ളവും വളവും നൽകുന്ന രാജ്യത്തെ ചിഹ്നം ആക്കാൻ ശ്രമിക്കുന്ന സകല നിഗൂഢ ശക്തികൾക്കും എതിരെയുള്ള ഒരു ജനതയുടെ പ്രതിരോധമാണ് ഓപ്പറേഷൻ സിന്ദൂർ. വേർതിരിവുകളും വിവേചനങ്ങളും ഇല്ലാതെ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും മഹിതമായ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് ജീവിതത്തിന്റെ സന്തോഷത്തെയും സങ്കടത്തെയും ആഘോഷങ്ങളെയും ആരവങ്ങളെയും ദുഃഖങ്ങളെയും എല്ലാം ഒരുപോലെ ഒരേ മനസായി ഉൾക്കൊള്ളുകയും ചേർന്നു നിൽക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന മാനവികതയുടെ മഹത്തായ മൂല്യങ്ങളാണ് ഇന്ത്യൻ സംസ്കാരത്തിന്റെയും ഇന്ത്യ രാജ്യത്തിന്റെയും ആത്മബലം. ആ കരുത്തിൽ നിന്നാണ് നാവികസേനയുടെ പിന്തുണയോടുകൂടി ഇന്ത്യയുടെ കരുത്ത് വിശ്വാസവുമായ കര നാവിക വ്യോമസേനകൾ ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് തന്നെ ഭീകരവാദി കേന്ദ്രങ്ങൾക്ക് നേരെ ആഞ്ഞു വീശിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയത് പ്രത്യാക്രമണം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കാനാണ് എന്നുള്ള സൈന്യത്തിന്റെ വാക്കുകൾ കേൾക്കുന്ന ഓരോ ഭാരതീയനും നിറഞ്ഞ മനസ്സോടെയാണ് അതിനെ ഉൾക്കൊണ്ടത്. ഭീകരവാദത്തിന്റെ അന്ത്യം ജനതയുടെ സ്വസ്ഥമായ ജീവിതത്തിന് രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിനും അനിവാര്യമാണ്. അതിലേക്കുള്ള ഉറച്ച കാൽവെപ്പിന് തറക്കല്ലിട്ട കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ സൈന്യത്തെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.