‘കേരളത്തില്‍ നടക്കുന്നത് ഓപ്പറേഷന് സുധാകര്‍’; കെ സുധാകരനെ പിന്തുണച്ച് വെള്ളാപ്പളളി നടേശന്
ആലപ്പുഴ(Alappuzha): കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ചും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാജ്യാതിര്‍ത്തിയില്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ നടക്കുമ്പോള്‍ ഇവിടെ ‘ഓപ്പറേഷന് സുധാകര്‍’ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
കെ സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താല്പര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരനെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് തൃശ്ശൂര്‍ ജില്ലയിലും പോസ്റ്ററുകള്‍ പതിച്ചു. ‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ് വെച്ചിരുന്നു. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടിലായിരുന്നു ബോര്‍ഡ്. ‘കെ സുധാകരന് തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്നാണ് ബോര്‍ഡിലെ വാചകം.
Highlights: vellappally natesan Support k sudhakaran said operation sudhakar happening in kerala