Editor's Pick

ഭീകരവാദത്തിന് വളമിടില്ല, വേരൂന്നാൻ അനുവദിക്കില്ല

യുദ്ധം വേണോ, വേണ്ടയോ എന്ന ചർച്ചയേക്കാളുപരിയാണ് രാജ്യത്തിന്റെ ആത്മാഭിമാനം. യുദ്ധമല്ല, സമാധാനം തന്നെയാണ് വേണ്ടതെന്ന് ബോധ്യമുണ്ട്. പക്ഷേ, അനിവാര്യമായ ചെറുത്തുനിൽപ്പുകൾ, പ്രതിരോധങ്ങൾ സംഭവിച്ചേ മതിയാകൂ.
ഈ മുഖപ്രസംഗം എഴുതുന്ന രാവിലും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യൻ സൈന്യം അതിനെ പ്രതിരോധിച്ച് മുന്നേറുകയുമാണ്. കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ വൻ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ കൃത്യതയാർന്ന ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങൾ.
ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയാണ് ഇന്നലെ രാത്രിയിൽ പാകിസ്ഥാന്റെ ആക്രമണ ശ്രമമുണ്ടായത്. ജമ്മുവിലെ സാമ്പ ജില്ലയിൽ കനത്ത വെടിവയ്പ്പുമുണ്ടായി, ചന്നി പ്രദേശത്ത് റോക്കറ്റുകൾ പതിച്ചു. ജമ്മു മേഖലയിൽ പാകിസ്ഥാൻ തൊടുത്തുവിട്ട എട്ട് മിസൈലുകളും അമ്പത് ഡ്രോണുകളും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ ഇന്നും വിമുക്തമാക്കാത്ത രാജ്യത്തിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതിരോധത്തിന്റെ അടയാളവാക്യമാണ് ഓപ്പറേഷൻ സിന്ദൂർ.
ബുധനാഴ്ച പുലർച്ചെ 1. 44ന് പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർത്തറിയുമ്പോൾ പഹൽഗാം ഉൾപ്പെടെയുള്ള ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ നികൃഷ്ടമായ പൈശാചികമായ ഒട്ടനവധി മനുഷ്യക്കുരുതികളുടെ ജീവിക്കുന്നവരും മരിച്ചവരുമായ രക്തസാക്ഷികളും അവരുടെ ഉറ്റവരുടെയും ഉടയവരുടെയും വിലാപങ്ങൾക്കും സങ്കടങ്ങൾക്കും വേദനകൾക്കുമുള്ള ഭാരത നാടിന്റെ ഉത്തരവാദിത്തമാണ് ഇന്ത്യൻ സൈന്യം നിറവേറ്റിയത്.
സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഒത്തുതീർപ്പിന്റെയും സംയമനത്തിന്റെയും പാത രാജ്യം ഒരുപാട് തവണ സ്വീകരിച്ചതാണ്. അരുതെന്ന് ആവർത്തിച്ച് പറഞ്ഞതാണ്. എന്നിട്ടും കേൾക്കുന്നില്ല. ഇനിയും ഭീകരവാദത്തിന് മുന്നിൽ മുട്ടുമടക്കാൻ ആവില്ലെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണ്. സ്വന്തം മക്കളുടെ ജീവനറ്റ ശരീരങ്ങൾക്കുമുന്നിൽ കരഞ്ഞു തളർന്നിരിക്കാൻ ആവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങൾക്ക് ആശ്വാസവാക്കുകൾ പകർന്ന് ധനസഹായങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യക്ക് ഇനിയും അടങ്ങിയിരിക്കാൻ ആകുമായിരുന്നില്ല.
ഓർമ്മകളിൽ ഒരുപിടി മനുഷ്യജീവനകൾ നിറഞ്ഞു നിൽക്കുകയാണ്. ഒരു തെറ്റും ചെയ്യാതെ സ്വന്തം ജീവൻ എന്തിനുവേണ്ടിയാണ് നഷ്ടപ്പെടുന്നത് പോലും അറിയാതെ മരിച്ചുവീണവർക്ക് മുമ്പിൽ ഈ രാജ്യത്തിന്, ജനതയ്ക്ക് ചെയ്തുതീർക്കാൻ ഒട്ടനവധി ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് പതിനഞ്ചാം ദിവസം പുലർച്ചെ ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് തന്നെ ഭീകരവാദത്തിനെതിരായ ആദ്യ തിരിച്ചടി രാജ്യം ആരംഭിച്ചത്.
ഓപ്പറേഷൻ സിന്ദൂർ തുടർച്ചയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകളും ഭീകരവാദത്തിന്റെ ഇരകളാക്കപ്പെട്ടവർ വലിയ പ്രതീക്ഷയോടെ തന്നെയാണ് നോക്കിക്കാണുന്നത്. സമാനതകളില്ലാത്ത ഭീകരവാദ പ്രതികാരത്തിന് രാജ്യവും സൈന്യവും നല്ല മറുപടി നൽകിയതിന്റെ വിശദീകരണവുമായി നാടിന്റെ അടുത്ത നടപടികളെയും വിശദീകരിക്കുന്നതിനായി ഡൽഹിയിൽ വ്യാഴാഴ്ച രാവിലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സമസ്ത ജനാധിപത്യ പ്രസ്ഥാനങ്ങളും ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഐക്യത്തെയും സംരക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും സകല നടപടികൾക്കും നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നത് തന്നെ മഹത്തായ സന്ദേശവും മാതൃകയും ആണ്.
ഈ രാജ്യം ഒപ്പമുണ്ടെന്ന ഉറപ്പാണ്. ലോകസമാധാനത്തിനായി എക്കാലവും പ്രതിസന്ധികൾ നേരിടുന്ന രാജ്യത്തിന് താങ്ങായും തണലായും ആത്മവിശ്വാസമായും ഒപ്പം നിന്ന പാരമ്പര്യമാണ്, ചരിത്രമാണ് ഇന്ത്യക്കുള്ളത്. അപ്പോൾ ഒന്നും ഒരിക്കലും ഇന്ത്യ തെറ്റായ ഒരു നടപടിയെയും രീതിയെയും ആശയത്തെയും പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ എതിർക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നിട്ടും, യാതൊരുവിധ ദയയും ദാക്ഷിണ്യവും ഇല്ലാതെ ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറി രാജ്യത്തിന്റെ പ്രിയപുത്രന്മാരുടെ ജീവനും ജീവിതവും ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഒരു അമ്മ പെറ്റ സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഭാരത സമൂഹത്തിന് എങ്ങനെ പ്രതികരിക്കാതിരിക്കാനാവും.
നിരന്തരം വംശീയമായ യുദ്ധങ്ങളും കലാപങ്ങളും പരസ്പരം നടത്തുന്ന രാജ്യങ്ങൾ പോലും ഇന്ത്യയുടെ ചെറുത്തുനിൽപ്പിനെ സ്വന്തം രാജ്യത്തിന്റെ താല്പര്യം മാത്രമാണ് നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്തത് എന്നുള്ളതാണ് ഇതിൽ ഏറ്റവും വിചിത്രമായ കാര്യം. ഇന്ത്യയെ നിരന്തരം ആക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെയും ഭീകരവാദ സംഘടനകളുടെയും പ്രവർത്തനത്തെ ഒരു രീതിയെയോ ഒരിക്കൽപോലും ചോദ്യം ചെയ്തിട്ടില്ലാത്ത ഇത്തരം രാജ്യങ്ങളുടെ ഇരട്ടത്താപ്പ് അപമാനകരമാണ് സംഘടകരമാണ്.
വ്യാഴാഴ്ച രാത്രിയിലും ജമ്മു കാശ്മീരിൽ പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിടുകയാണ്. കനത്ത മറുപടി തന്നെ ഇന്ത്യ നൽകുന്നുണ്ട്. ഭീകരവാദത്തിന് അടിവേരറുക്കാൻ, ഇല്ലാതാക്കാൻ ഇന്ത്യയുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. ലോകസമാധാനത്തിനും ജനങ്ങളുടെ ഐക്യത്തിനും അനിവാര്യമാണത്. ഭീകരവാദത്തിന് വളമിടില്ല, വേരൂന്നാൻ അനുവദിക്കില്ല.

error: