HighlightsNational

ഇന്ത്യ-പാക് സംഘർഷം, സൗദി മന്ത്രിയുടെ അപ്രതീക്ഷിത ഇന്ത്യൻ സന്ദർശനം, വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി (New Delhi:  ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്.

ഡൽഹിയിലെത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് അൽ ജുബൈറിന്റെ ഇന്ത്യ സന്ദർശനം.

രാവിലെ സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നും പറഞ്ഞ് എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലോകരാജ്യങ്ങൾ ആശങ്കയിലാണ്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച അർധ രാത്രിയോടെ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സൗദി മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.

Highlights: India-Pakistan attack,, Saudi minister makes surprise visit to India, meets with Foreign Minister

error: