സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ കൂടി തുറന്ന് ഇന്ത്യ, കർതാർ പൂർ ഇടനാഴി തുറക്കില്ല; കടുത്ത നിലപാടുമായി രാജ്യം
ന്യൂ ഡൽഹി (New Delhi): ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. 12 ഷട്ടറുകൾ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ ആണ് സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതോടെയാണ് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്.
നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ അപ്രതീക്ഷിതമായി തുറന്നിരുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. കഴിഞ്ഞ ആഴ്ച പാകിസ്ഥാന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാക് ബന്ധം രൂക്ഷമായതോടെ ഭീകരവാദത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു.
വെടിനിർത്തൽ ധാരണ ആയെങ്കിലും സിന്ധുനദി ജല കരാർ റദാക്കിയത് പുനപരിശോധിക്കില്ലെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തത്. പാകിസ്ഥാന് കനത്ത തിരിച്ചടിയായി സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്കും നിലപാടെടുത്തിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നത്തിൽ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ അറിയിച്ചു.
Highlights: India opens 12 more shutters of Salal Dam