ഐപിഎല്‍ പുനരാരംഭിക്കുന്നു, ധരംശാലയില്‍ മത്സരമുണ്ടാവില്ല
മുംബൈ(Mumbai): വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം 15നോ 16നോ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധരംശാല ഒഴികെയുള്ള വേദികളിലെല്ലാം മുന്‍ നിശ്ചയപ്രകാരം മത്സരം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോട് മടങ്ങിയെത്താനും ടീമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10 ടീമുകളിലായി അറുപതോളം വിദേശ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ഇതുവരെ 57 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി മത്സരമടക്കം ഇനി 17 മത്സരങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്കായിരുന്നു ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്‍ സെപ്റ്റംബറിലേക്ക് നീട്ടുന്ന കാര്യവും മറ്റേതെങ്കിലും രാജ്യത്ത് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ടായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അടക്കം ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. മത്സരങ്ങള്‍ സംഘര്‍ഷ സാധ്യത കുറഞ്ഞ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത നഗരങ്ങളിലായി പരിമിതപ്പെടുത്തി ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കാനും ബിസിസിഐ ആലോചിച്ചിരുന്നു.
Highlights: IPL resumes; no match to be held in Dharamshala